നഗരസഭയുടെ കന്നുകാലി പിടുത്തത്തിനെതിരെ പ്രതിഷേധവുമായി ഗോരക്ഷാസമിതി രംഗത്ത്
പാലക്കാട്: നഗരസഭാ കന്നുകാലികളെ പിടികൂടി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഗോരക്ഷാ സമിതി, ഗോസംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയത് നഗരസഭാ ചെയര്‍പേഴ്‌സണെ പ്രതിസന്ധിയിലാക്കി. ഗോക്കളെ പിടികൂടി യുക്തിക്കു നിരക്കാത്തവിധം ഫീസ് ഈടാക്കുന്നതിനെതിരെയും ഭീമമായ 5000 രൂപ പിഴ ഈടാക്കുന്നതും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഗോരക്ഷാസമിതി പ്രവര്‍ത്തകര്‍ നഗരസഭക്ക് പരാതി നല്‍കിയിരിക്കുന്നത്. പിടികൂടുന്ന പശുക്കളുടെ കിടാങ്ങള്‍ക്ക് പാല് കുടിക്കാന്‍ കഴിയാതെയും ഉടമസ്ഥന് കന്നുകാലികളെ കറന്നെടുക്കാന്‍ കഴിയാതെയും വന്നതോടെ നഗരസഭ പിടികൂടിയ പശുവിന് അകിട് വീക്കം സംഭവിച്ചതുമൂലമുണ്ടായ നഷ്ടവും ഭീമമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പിടികൂടിയ കന്നുകാലികള്‍ക്ക് സംരക്ഷണ ചെലവിലേക്കായി നിത്യേന 500 രൂപയും ഈടാക്കുന്നതല്ലാതെ ഡോക്ടറെക്കൊണ്ടുപോലും പരിശോധിപ്പിക്കുന്നില്ലെന്നും സംഘടനകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിയമത്തിന്റെ പരിരക്ഷയും വെള്ളവും ആഹാരവും കൂടി ലഭിക്കാത്ത അവസ്ഥയിലാണ് പല കന്നുകാലികളെന്നും ഇവയെ പിടികൂടുന്ന കോണ്‍ട്രാക്ടര്‍ക്ക് വന്‍തുക ലാഭം ലഭിക്കുന്നതുമാത്രമാണ് ഗുണമെന്നും ഗോക്കളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്നവര്‍ പറയുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ തത്ത്വദീക്ഷയില്ലാത്ത നിയമം ഉപയോഗിച്ച് പാലക്കാട് ഭാരതീയ കിസാന്‍ സംഘിന്റെ ജില്ലാ സമിതിയും യോഗം ചേര്‍ന്ന് കന്നുകാലി പിടുത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി. ഒരു വശത്ത് ആരോഗ്യത്തിനും തൊഴിലിനും വേണ്ടി കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പേരില്‍ ക്ഷീരകര്‍ഷകര്‍ക്ക് വായ്പകളും മറ്റും അനുവദിക്കുകയും ചെയ്യുമ്പോള്‍ ഇത്തരത്തില്‍ നടപടികള്‍ എടുക്കുന്നത് തീര്‍ത്തും ദുരൂഹതയുണ്ടാക്കുകയും ഇപ്പോള്‍ ഉള്ള കന്നുകാലി സമ്പത്തുപോലും ഇല്ലായ്മ ചെയ്യുവാനേ ഈ വക നടപടികള്‍കൊണ്ട് സാധിക്കുകയുള്ളൂവെന്നും സംഘടന പറയുന്നു. ടി സഹദേവന്‍ അധ്യക്ഷനായി. സദാനന്ദന്‍, കഞ്ചിക്കോട് പൊന്നുണ്ണി, ആര്‍ മധി, കെ.വി രമേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."