ഐ.എസ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊല്ലം സ്വദേശി കസ്റ്റഡിയില്‍
അറസ്റ്റ് ദോഹയില്‍ നിന്നെത്തിയപ്പോള്‍
കൊച്ചി: ഐ.എസ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഓച്ചിറ സ്വദേശി ഫൈസലിനെയാണ് എന്‍.ഐ.എ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ച് കസ്റ്റഡിയിലെടുത്തത്. ഖത്തറില്‍ നിന്ന് നേരിട്ട് ഹാജരാകാന്‍ എന്‍.ഐ.എ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഫൈസലിനെ കാത്തുനിന്ന എന്‍.ഐ.എ സംഘം ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസില്‍ നേരത്തേ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസില്‍ നിന്നും എന്‍.ഐ.എ സംഘം കണ്ടെത്തിയ ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും ഫൈസലുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ ഫൈസല്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇതുവരെ എന്‍.ഐ.എ പ്രതി ചേര്‍ത്തിട്ടുള്ളത്.
അതിനിടെ ഭീകര സംഘടനായ ഐ.എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ (29) റോ, മിലിട്ടറി ഇന്റലിജന്‍സ് മേധാവികള്‍ ചോദ്യം ചെയ്യും. കേരളത്തില്‍ ഐ.എസിനായി ചാവേറാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി പ്രതി എന്‍.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് അന്വേഷണ ഏജന്‍സി തലവന്മാര്‍ കൂടി ഇയാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ കേരള ബന്ധം കണ്ടെത്താനായി മിലിട്ടറി ഇന്റലിജന്‍സ്, റോ, എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ സംയുക്ത സംഘം കഴിഞ്ഞ ദിവസം മുതല്‍ കൊച്ചിയിലുണ്ട്. എന്‍.ഐ.എ ഐ.ജി അലോക് മിത്തലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതി അബ്ദുല്‍ റാഷിദുമായും ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയുമായും 2016 മുതല്‍ റിയാസ് അബൂബക്കര്‍ ഓണ്‍ലൈന്‍ ചാറ്റിങ് നടത്തുന്നുണ്ടെന്നും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെ റാഷിദിന്റെ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."