ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും: മേയര്‍
കോഴിക്കോട്: ബീച്ചില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. ഈ രംഗത്തു നടപ്പാക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ 26നു രാവിലെ 10.30ന് മേയറുടെ അധ്യക്ഷതയില്‍ അംഗീകൃത ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെ യോഗം മേയറുടെ ചേംബറില്‍ ചേരും.
കച്ചവടം ചെയ്യുന്ന ഉന്തുവണ്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരും. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ലൈസന്‍സില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ആരോഗ്യ വിഭാഗത്തിനു പരിശോധന നടത്താന്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കും. ഇതിനു സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
കോര്‍പറേഷന്‍ പരിധിയില്‍ 160ഓളം സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പ് ഇതിനകം പരിശോധിച്ചു. ഇതില്‍ മൂന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മെഡിക്കല്‍ കോളജിലെയും പുതിയ ബസ് സ്റ്റാന്‍ഡിലെയും തട്ടുകടകളും തൊണ്ടയാട് ബൈപ്പാസിലെ തട്ടുകട എന്ന ഹോട്ടലുമാണ് അടപ്പിച്ചത്.
80ഓളം കടകള്‍ക്കു ശുചീകരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ വൃത്തിഹീനമായ ഭക്ഷണം വില്‍ക്കുന്ന അന്‍പതോളം ഉന്തുവണ്ടി കച്ചവടക്കാരെ ഇതിനകം ഒഴിപ്പിച്ചതായും മേയര്‍ അറിയിച്ചു.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ 29നു പ്രത്യേക കൗണ്‍സില്‍ ചേരും. പ്ലാസ്റ്റിക് കവറുകള്‍ കത്തിക്കുന്നതു കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.വി ലളിതപ്രഭ, കൗണ്‍സിലര്‍മാരായ വി.ടി സത്യന്‍, മുല്ലവീട്ടില്‍ മൊയ്തീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."