പോത്തുകല്‍ ഭരണം: കാലുമാറ്റം ഇരു മുന്നണികള്‍ക്കും തലവേദനയാകുന്നു
നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കാലുമാറ്റം പാര്‍ട്ടി നേതൃത്വങ്ങള്‍ വെട്ടിലാക്കുന്നു. കാലുമാറ്റത്തില്‍ കോണ്‍ഗ്രസും, സി.പി.എമ്മും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയിലാണ്. സുലൈമാന്‍ ഹാജിയും, സി.ആര്‍.പ്രകാശും കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയപ്പോള്‍, കരുണാകരന്‍ പിള്ളയും, സുഭാഷും സി.പി.എം പാളയത്തിലുമെത്തി. പോത്തുകല്‍ രാഷ്ട്രീയം തത്വത്തില്‍ ആര്യാടന്‍-അന്‍വര്‍ പോരാട്ടമായി മാറി കഴിഞ്ഞിരിക്കുകയാണ്. എതിര്‍ പാര്‍ട്ടിയില്‍ നിന്നും ഒരാളെ കൂടി കൂടെ കൂട്ടി ഭരണം പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ഇരു പാര്‍ട്ടികളും.
പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്റെ കൈകളിലേക്ക് എത്താന്‍ നില്‍ക്കെയാണ് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്തംഗവുമായ കരുണാകരന്‍ പിള്ളയുടെ ചുവടുമാറ്റം. പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഇടപ്പെടലാണ് കരുണകരന്‍ പിള്ളയുടെ ചുവടമാറ്റത്തിനു പിന്നിലെന്നാണ് വിലയിരുത്തുന്നത്. അതേസമയം ആര്യാടന്‍ മുഹമ്മദിന്റെ ഇടപ്പെടലിനെ തുടര്‍ന്നാണ് സി.പി.എം അംഗമായിരുന്ന സുലൈമാന്‍ ഹാജി പഞ്ചായത്ത് അംഗത്വം രാജിവച്ച് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വീണ്ടും ജയിച്ചത്. സുലൈമാന്‍ ഹാജിക്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം നല്‍കിയാണ് യു.ഡി.എഫ് ചേരിയില്‍ എത്തിച്ചത്. എന്നാല്‍ കരുണാകരന്‍ പിള്ളയുടെ അനുമതി ഇല്ലാതെയായിരുന്നു ഈ വാഗ്ദാനം നല്‍കിയത്. ഞെട്ടികുളം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സിറ്റിങ് വാര്‍ഡ് നഷ്ടമായതോടെ 17 അംഗ ഭരണസമിതിയില്‍ സി.പിഎമ്മിന് ഒന്‍പതു അംഗങ്ങളായി. മുതിര്‍ന്ന സി.പി.എം അംഗം സുലൈമാന്‍ ഹാജി പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, സീനിയോരിറ്റി മറികടന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്ന് സുഭാഷിനെ പ്രസിഡന്റാക്കിയതോടെയാണ് സുലൈമാന്‍ ഹാജി ഇടഞ്ഞത്. അവസരം മുതലാക്കി യു.ഡി.എഫ് സുലൈമാന്‍ ഹാജിയെ പാളയത്തിലെത്തിച്ചു. പഞ്ചായത്തംഗത്വം രാജിവച്ച് യു.ഡി.എഫ് പിന്തുണയോടെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുലൈമാന്‍ ഹാജി യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആര്‍.പ്രകാശ് പ്രഖ്യാപിച്ചതോടെ കരുണാകരന്‍ പിള്ള എതിര്‍പ്പുമായി രംഗത്തുവന്നു. ആര്യാടനുമായി അഭിപ്രായ വിത്യാസമുള്ള പിള്ളയെ തഴയാന്‍ തന്നെ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ പി.വി.അന്‍വര്‍ കരുണാകരന്‍ പിള്ളയുമായി നടത്തിയ ചര്‍ച്ചയാണ് 17 വര്‍ഷം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, 2015 മുതല്‍ 2018 മാര്‍ച്ച് വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കരുണാകരന്‍ പിള്ള ഇടതുപാളയത്തില്‍ എത്തിയത്. അവിശ്വാസ പ്രമേയം ഒഴിവാക്കുന്നതിനും, കരുണാകരന്‍ പിള്ളക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിലെ സുഭാഷ് രാജിവെക്കുകയും ചെയ്തു.
പോത്തുകല്ലില്‍ കരുണാകരന്‍ പിള്ള വീണ്ടും പ്രസിഡന്റായാല്‍ അത് ആര്യാടന് രാഷ്ട്രീയപരമായി തിരിച്ചടിയാകും. ആര്യാടനും മകന്‍ ഷാക്കത്തിനുമെതിരെ വിമര്‍ശനം ഉയര്‍ത്തുമ്പോഴും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പിള്ള മൗനം പാലിച്ചതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."