HOME
DETAILS
MAL
കളിയില്‍ നിന്ന് വരയിലേക്ക്
backup
September 20 2020 | 00:09 AM
ഒരു യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു മുഹമ്മദിന്റെ ജനനം. കുട്ടിക്കാലത്ത് തന്നില്‍ ഒളിഞ്ഞിരുന്ന ചിത്രകലയെ പ്രോത്സാഹിപ്പിക്കാന്‍ ആരുംതന്നെ തുനിയാതിരുന്നതിനാല്‍ വരയോടുള്ള താല്‍പ്പര്യം മുളയില്‍നിന്നേ കരിഞ്ഞുപോയതായി ഏറമ്പുറം പറയുന്നു. എന്നാല്‍ ജീവിതം മധ്യാഹ്നമായപ്പോഴാണ് അതിന് വീണ്ടും തിരിതളിര്‍ത്തത്.
കാല്‍പന്ത് പ്രണയം
ചിത്രകലയോടൊപ്പം കുട്ടിക്കാലത്ത് തുടങ്ങിയ ഫുട്‌ബോര്‍ ഭ്രമവും അദ്ദേഹത്തിന്റെ പഠനത്തെ സാരമായി ബാധിച്ചിരുന്നു. കാല്‍പന്ത് കളിയാണ് തന്റെ തട്ടകമെന്നു വിശ്വസിച്ചതു കൊണ്ടാവാം കളിക്കളം തേടിയുള്ള മുഴുനീള യാത്ര ആരംഭിച്ചത്. കുട്ടിക്കാലത്ത് കളിയോടുള്ള അഭിനിവേശംമൂലം ഫുട്‌ബോള്‍ മത്സരം കാണാനായി നീലേശ്വരത്ത് നിന്നു കാലിക്കടവിലേക്ക് ഇരുപത് കിലോമീറ്ററോളം നടന്നുപോയാണ് കളികണ്ടു മടങ്ങുക. പിന്നീട് നല്ല ഒരു കളിക്കാരനായപ്പോള്‍ ആദ്യകാലങ്ങളില്‍ കോട്ടപ്പുറം ഇഖ്ബാല്‍ ക്ലബ്ബിന് വേണ്ടി ഗോള്‍കീപ്പറായി ദീര്‍ഘകാലം കളിച്ചു. അതിലൂടെ നീലേശ്വരക്കാരുടെ പ്രിയ ഗോളി മമ്മിച്ചയായി മാറി. തുടര്‍ന്ന് എഴുപതുകളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലക്ക് വേണ്ടി ഗോള്‍കീപ്പറായി കളിക്കുന്നതിനിടയില്‍ ജീവിത വഴിയന്വേഷിച്ച് മുംബൈയിലേക്ക് ചേക്കേറി. മുംബൈയിലെത്തിയിട്ടും കാല്‍പന്ത് കളി പാടെ മറന്നില്ല. അവിടെനിന്ന് ഇന്റീരിയര്‍ കോച്ച് ഫാക്ടറി, ആസ്‌പെക്‌സ് ഇന്ത്യ, ബോംബെ ബ്രൈറ്റ് പ്ലാസ്റ്റിക്, ഇന്ത്യന്‍ മിലിറ്ററി ടീം എന്നീ ടീമുകള്‍ക്ക് വേണ്ടി ഗോള്‍ വലയം കാക്കാന്‍ ഭാഗ്യമുണ്ടായി.
നിറമില്ലാത്ത ജീവിതം
വീണ്ടും അലസമായ ജീവിത യാത്ര, മൊഹല്ലകളില്‍നിന്ന് മൊഹല്ലകളിലേക്ക് നടന്നുനീങ്ങിയപ്പോള്‍ ആള്‍ത്താരകളില്ലാത്ത ആ വഴികളിലെ ശൂന്യതയും, പട്ടിണിയുടെ രുചിയും തിരിച്ചറിഞ്ഞു. ഉത്തരേന്ത്യന്‍ ജീവിതാനുഭവങ്ങള്‍തന്നെ ഏറെ ചിന്തിപ്പിച്ചതായി ഏറമ്പുറം പറയുന്നു. പിന്നെ മണലാരണ്യത്തില്‍ പ്രവാസ ജീവിതം. അവിടെയും യാത്ര. നാടായ നാടൊക്കെ ചുറ്റിക്കറങ്ങി യു.എ.ഇ, കുവൈറ്റ്, ഇറാന്‍, ഇറാഖ്, ജോര്‍ദ്ദാന്‍, സിറിയ, അതിനിടയില്‍ രണ്ട് ഗള്‍ഫ് യുദ്ധങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നു. ഇറാന്‍- ഇറാഖ് യുദ്ധവും, കുവൈറ്റ്- ഇറാഖ് യുദ്ധവും. ഒടുവില്‍ കാല്‍പന്ത് കളിക്കിടെ കുട്ടിക്കാലത്ത് മനസില്‍ കോര്‍ത്തിട്ട ചിത്രകലയിലേക്ക് വഴിമാറി. അവിടം മുതലാണ് ആയിരം നാവുള്ള ബഹുമുഖ ചിത്രങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയത്.
ഛായം പൂശിയ ജീവിതം
ഇതിനോടകം മുന്നൂറ്റമ്പതോളം ചിത്രങ്ങള്‍ ഏറമ്പുറം വരച്ചിട്ടുണ്ട്. ഇതില്‍ അധികവും സ്റ്റംബ് പൗഡര്‍ ഉപയോഗിച്ചുളള ബ്ലാക്& വൈറ്റ് ചിത്രങ്ങളാണ്. കേരളത്തിലെ പല വേദികളിലായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് ചിത്രകല അഭ്യസിക്കാന്‍ അവസരം കിട്ടിയിരുന്നില്ലെങ്കിലും സര്‍ഗഭാവനയിലൂടെ മാത്രം ഛായങ്ങളുതിര്‍ത്ത ഓരോ ചിത്രങ്ങളും ഏറെ മികവുറ്റതാണ്. തന്റെ ജീവിത യാത്രയില്‍ അനുഭവപ്പെട്ട സ്വകാര്യ ദുഃഖങ്ങള്‍ കണ്ണീരില്‍ പ്രതിഷ്ഠിക്കാതെ, അവ ജീവിതഗന്ധിയിലെ മിഴിനീര്‍ പൂക്കളാക്കി മാറ്റിക്കൊണ്ട് അവയ്ക്ക് ഛായക്കൂട്ടുകള്‍ നല്‍കുകയായിരുന്നു. അതില്‍ ശ്രീകൃഷ്ണ രാധാ പ്രണയവും ബുദ്ധനും മദര്‍ തെരേസയും ഉത്തരേന്ത്യന്‍ നാടോടികളും സൂഫി മിനാരങ്ങളും പ്രകൃതിയും മനുഷ്യനും പരിസ്ഥിതി പരിദേവനങ്ങളുമെല്ലാം നിറങ്ങളാവുന്നു. ഒരു ചിത്രകാരനെന്ന നിലയിലും, മികച്ച ഫുട്‌ബോളറെന്ന നിലയിലും ഏറമ്പുറത്തിന് വലിയ ഒരു സൗഹൃദ വലയം തന്നെയുണ്ട്. പല സാംസ്‌കാരിക പരിപാടികളിലും ഏറമ്പുറം തന്റെ ചിത്രങ്ങളുമായി സാന്നിധ്യം അറിയിക്കാറുണ്ട്. അദ്ദേഹത്തിന്റെ സാംസ്‌കാരിക ഇടപെടലുകള്‍ മാനിച്ച് വിവിധ സംഘടനകളുടെ ചെറുതും വലുതുമായ ഒട്ടേറെ ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."