അമൃത രാജ്യറാണി എക്‌സ്പ്രസ് ഇന്നുമുതല്‍ രണ്ടാകും; സമയക്രമത്തിലും മാറ്റം
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് മലബാര്‍ മേഖലയിലേക്കുള്ള രാത്രിയാത്രയില്‍ മാറ്റം വരുത്തി അമൃത രാജ്യറാണി എക്‌സ്പ്രസ് ഇന്നു മുതല്‍ രണ്ടാകുന്നു.
ഒരു ട്രെയിന്‍ തിരുവന്തപുരത്തുനിന്ന് മധുരയിലേക്ക് അമൃത എക്‌സ്പ്രസ് ആയും, രണ്ടാം ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂരിലേക്ക് രാജ്യറാണിയായും സര്‍വിസ് നടത്തും. ട്രെയിന്‍ നമ്പര്‍ 16343 അമൃത എക്‌സ്പ്രസ് രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്ത് നിന്നും 16349 രാജ്യറാണി എക്‌സ്പ്രസ് 8.50ന് കൊച്ചുവേളിയില്‍ നിന്നുമാകും പുറപ്പെടുക. രാത്രി 8.40ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്‌സ്പ്രസ് താല്‍ക്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയില്‍ നിന്ന് യാത്ര പുറപ്പെടുന്നതിനാല്‍ എട്ടരയ്ക്കുശേഷം തിരുവനന്തപുരത്ത് നിന്ന് മലബാര്‍ മേഖലയിലേക്ക് മറ്റു ട്രെയിനുകളില്ല.
എട്ടരയ്ക്ക് പുറപ്പെടുന്ന അമൃത എക്‌സ്പ്രസ് പിറ്റേന്ന് ഉച്ചയ്ക്ക് 12.15ന് മധുരയിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 3.15ന് മധുരയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. ഷൊര്‍ണൂര്‍ ജങ്ഷന്‍ ഒഴിവാക്കിയാകും യാത്ര. കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്‌സ്പ്രസ് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.50ന് നിലമ്പൂരിലെത്തും. മടക്കയാത്ര രാത്രി 8.50ന് പുറപ്പെട്ട് രാവിലെ 6 മണിക്ക് കൊച്ചുവേളിയിലെത്തും. നിലവിലെ എട്ട് കോച്ചിനുപകരം നിലമ്പൂരിലേക്ക് 18 കോച്ചുകളുണ്ടാകും. സമയക്രമം മാറുന്നതോടെ നിലമ്പൂര്‍ യാത്രയ്ക്ക് മൂന്ന് മണിക്കൂറും മധുരയിലേക്ക് ഒന്നര മണിക്കൂറും അധികമെടുക്കും.
പുതിയ സമയക്രമം അനുസരിച്ച് രണ്ടു മണിക്കൂര്‍ നേരത്തേ പുറപ്പെട്ടിട്ടും രണ്ടു ട്രെയിനിലെയും യാത്രക്കാര്‍ക്ക് അതിന്റെ ഫലം ലഭിക്കാത്ത സ്ഥിതിയാണ്. തൃശൂരില്‍ പുലര്‍ച്ചെ 2.30ന് എത്തുന്ന അമൃത എക്‌സ്പ്രസ് അടുത്ത സ്റ്റേഷനായ ഒറ്റപ്പാലത്ത് എത്തുന്നത് രണ്ടു മണിക്കൂര്‍ 23 മിനുട്ട് കഴിഞ്ഞ് 4.53നാണ്. തൃശൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ രണ്ടു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിടും. ഒറ്റപ്പാലത്തുനിന്ന് 25 മിനുട്ടുകൊണ്ട് എത്താവുന്ന പാലക്കാട് ജങ്ഷനില്‍ ട്രെയിന്‍ എത്തുന്നത് 1 മണിക്കൂര്‍ 15 മിനുട്ട് കൊണ്ട്. ഇങ്ങനെ തൃശൂരില്‍ നിന്ന് ആകെ 3 മണിക്കൂര്‍ 40 മിനുട്ട് സമയമെടുത്താണ് ട്രെയിന്‍ പാലക്കാട് എത്തുന്നത്. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് ബസില്‍ പോയാല്‍ ഇതിലും നേരത്തേ എത്തുമെന്ന് യാത്രക്കാര്‍ പറയുന്നു. രാജ്യറാണി എക്‌സ്പ്രസിന്റെ കാര്യത്തിലും സമാന സ്ഥിതിയാണ്. രാജ്യറാണി തൃശൂരില്‍ എത്തുക പുലര്‍ച്ചെ 2.40ന്. തുടര്‍ന്ന് ഇടയ്ക്കുള്ള യാത്രയില്‍ പിടിച്ചിട്ട ശേഷം 5.30ന് ആണ് ഷൊര്‍ണൂരില്‍ എത്തുക. 25 മിനുട്ട് മാത്രം വരുന്ന ദൂരം പിന്നിടാന്‍ രാജ്യറാണി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എടുക്കും.
ഇപ്പോള്‍ താല്‍ക്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന മംഗലാപുരം എക്‌സപ്രസ് അടുത്ത മാസത്തോടെ തിരികെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. അങ്ങനെയെങ്കില്‍ 8.40ന് പുറപ്പെടുന്ന മംഗലാപുരം എക്‌സ്പ്രസായിരിക്കും മലബാര്‍ മേഖലയിലേക്കുള്ള അവസാനത്തെ ട്രെയിന്‍. തൃശൂര്‍ വരെയുള്ള യാത്രക്കാര്‍ക്ക് രാത്രി 11.15നു പുറപ്പെടുന്ന ചെന്നൈ ഗുരുവായൂര്‍ എക്‌സപ്രസ് ആശ്രയമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."