പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കേസില്‍ ഈമാസം 20ന് മുന്‍പ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള നടപടികളാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചു വരുന്നത്. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്‍, ഏച്ചിലടുക്കത്തെ സി.ജെ സജി, കെ.എം സുരേഷ്, കെ. അനില്‍ കുമാര്‍, എ.അശ്വിന്‍, ആര്‍. ശ്രീരാഗ്, ജി. ഗിജിന്‍, മുരളി, രഞ്ജിത്ത്, പ്രദീപ്, മണികണ്ഠന്‍ എന്നിവരാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസില്‍ ഇതുവരെ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ സുബിന്‍ ഗള്‍ഫിലേക്ക് കടന്നതിനെ തുടര്‍ന്ന് ഇയാളെ പിടികൂടാനായിട്ടില്ല.
11 പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഒരു പ്രതിക്ക് നാല് ദിവസം മുന്‍പ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കിയിരുന്നു. കേസിലെ 12ാം പ്രതി മണികണ്ഠനാണ് ജാമ്യം ലഭിച്ചത്. അതിനിടയില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കും മുന്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നു വ്യക്തമാക്കി കൊല്ലപ്പെട്ടവരുടെ കുടുംബം രംഗത്തു വന്നിരുന്നു. ഇക്കാര്യത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ അന്വേഷണങ്ങളൊന്നും ഇല്ലാതെ വന്നതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി മുസ്തഫ എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുന്നത്.
90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. ഇതൊഴിവാക്കാണ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതെന്നാണ് സൂചന. അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ മൂന്നുപേര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം പ്രതി സി.ജെ സജി, ഒന്‍പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത്ത് എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷ് (19), ശരത് ലാല്‍ (23) എന്നിവരെ ബൈക്ക് തടഞ്ഞു നിര്‍ത്തി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."