ലീഗിന്റെ കാരുണ്യ ഭവന പദ്ധതി പ്രളയബാധിത പ്രദേശങ്ങളിലേക്കും
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതി പ്രളയ ബാധിത പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ലീഗിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സൗജന്യ ഭവന നിര്‍മാണ പദ്ധതിയാണ് പ്രളയവും ഉരുള്‍പൊട്ടലും കാരണം ഭവന രഹിതരായവര്‍ക്കും തുണയാകുന്നത്. ഇതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഭൂമി സൗജന്യമായി വിട്ടുതരാന്‍ പലരും തയാറായിട്ടുണ്ട്. ഇത്തരം ഭൂമിയിലോ വാങ്ങുന്ന ഭൂമിയിലോ സ്‌പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തിലായിരിക്കും വീടുകള്‍ നിര്‍മിച്ച് അര്‍ഹര്‍ക്ക് നല്‍കുക.
ഇതിനായി സാങ്കേതിക വിദഗ്ധരും തൊഴിലാളികളും ഉള്‍ക്കൊള്ളുന്ന റിസോഴ്‌സ് ബാങ്കും രൂപീകരിക്കും. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നുള്ളവര്‍ക്കായിരിക്കും പദ്ധതിയില്‍ വീട് നിര്‍മിച്ചുനല്‍കുകയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി മുസ്‌ലിം ലീഗും പോഷക സംഘടനകളും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ ഇരുപത്തിനാലര കോടി രൂപയുടെ അവശ്യ സാധനങ്ങള്‍ ശേഖരിച്ചു. 20 കോടിയുടെ വിഭവങ്ങള്‍ പ്രളയബാധിത ജില്ലകളില്‍ വിതരണം ചെയ്തു. ദുബൈ കെ.എം.സി.സി അയച്ച മൂന്നു കോടിയുടെ ആവശ്യവസ്തുക്കള്‍ കോഴിക്കോട് കലക്ടര്‍ ഏറ്റുവാങ്ങിയത് ഉള്‍പ്പെടെ വിവിധ ജില്ലകളിലേക്ക് അയക്കാനിരിക്കുകയാണ്.
വിദ്യാര്‍ഥി സംഘടനയും അധ്യാപക സംഘടനയും സമാഹരിച്ച 15,000 സ്‌കൂള്‍ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി വരികയാണ്. പുനരവധിവാസ- ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം ലീഗിന്റെ ജനപ്രതിനിധികളും ഭാരവാഹികളും നേതൃപരമായ പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാമ്പത്തിക സഹായം നല്‍കാനും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."