തൊഴിലുറപ്പ് പദ്ധതിയില്‍ അംഗപരിമിതര്‍ക്ക് കൂടുതല്‍ പരിഗണന
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗപരിമിതര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു. കൂടുതല്‍പ്പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനാണിത്. 2018-19 വര്‍ഷത്തില്‍ 2,134 അംഗപരിമിതരാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയിലേര്‍പ്പെട്ടത്. മുന്‍വര്‍ഷത്തേതിനെക്കാള്‍ 360 പേര്‍ കൂടുതലാണിത്. 2017-18ല്‍ 1,771 പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ 2016-17ല്‍ 2005 അംഗപരിമിതരാണ് പദ്ധതിയില്‍ പങ്കെടുത്തത്. ഈ സാമ്പത്തിക വര്‍ഷം തുടങ്ങി ഇതുവരെ 302 പേര്‍ക്ക് പദ്ധതി പ്രകാരം തൊഴില്‍ ലഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ കുഞ്ഞുങ്ങളുമായി ജോലിക്കെത്തുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ അഞ്ചിലധികം കുഞ്ഞുങ്ങള്‍ ഒരു ജോലി സ്ഥലത്ത് ഉണ്ടെങ്കില്‍ കുഞ്ഞുങ്ങളെ പരിപാലിക്കാനായി അംഗപരിമിതയായ ഒരാളെ ആയ ജോലിക്കായി ഏര്‍പ്പാടാക്കാന്‍ അനുമതി നല്‍കും. അതോടൊപ്പം തന്നെ ശാരീരിക അധ്വാനത്തിലേര്‍പ്പെടാന്‍ കഴിയാത്ത എന്നാല്‍ ജോലികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നവരെ സൂപ്പര്‍വൈസര്‍മാരായും നിയമിക്കും.
അംഗപരിമിതരുടെ ഏതെങ്കിലും കുടുംബാംഗം തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാണെങ്കില്‍ അയാള്‍ക്ക് 100 ദിവസം തൊഴില്‍ നിര്‍ബന്ധമായും നല്‍കാനും തീരുമാനമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അംഗപരിമിതര്‍ക്ക് കഴിഞ്ഞ വര്‍ഷം ജോലി നല്‍കിയത് ആലപ്പുഴ ജില്ലയിലാണ് (251). തൊട്ടുപിറകില്‍ പാലക്കാടാണ് (215). ഏറ്റവും കുറവ് കാസര്‍കോടാണ് (86 പേര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."