ട്രാക്കിലെ ഇന്ത്യക്ക് ഇനിയും വേഗം വേണം
18ാമത് ഏഷ്യന്‍ ഗെയിംസിന്റെ അലയും ആരവവും അടങ്ങി. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സംഘം 69 മെഡലുകള്‍ സ്വന്തമാക്കി. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. 2014 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ നേടിയത് 57 മെഡലുകള്‍ മാത്രമായിരുന്നു. ഇതില്‍ 11 സ്വര്‍ണവും 10 വെള്ളിയും 36 വെങ്കലവും ഉള്‍പ്പെടും. ഈ നേട്ടം ഇനിയും തുടരണമെങ്കില്‍ ഇന്ത്യന്‍ കായിക മേഖലക്ക് ഇനിയും കൂടുതല്‍ മാറ്റം അനിവാര്യമാണ്. ഇന്ത്യയുടെ എല്ലാ ഗെയിംസ് ചരിത്രത്തിലെയും മികച്ച നേട്ടമായി വേണമെങ്കില്‍ ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിനെ കാണാനാകും.
കോമണ്‍വെല്‍ത്ത് ഗെയിംസ്, ഒളിംപിക്‌സ് തുടങ്ങി എല്ലാ മേളകളിലെയും മെഡല്‍ നേട്ടങ്ങളെക്കാളും ഇന്തോനേഷ്യന്‍ ഏഷ്യന്‍ ഗെയിംസ് ഇന്ത്യക്ക് ചരിത്രം തന്നെയാണ്. നാല്‍പതും അന്‍പതും വര്‍ഷം മുമ്പ്‌വരെയുള്ള ചരിത്രം തിരുത്തിയാണ് ഇന്ത്യ ഇത്തവണ മെഡല്‍ നേടിയിട്ടുള്ളത്. ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ അര്‍പീന്ദര്‍ സിങ്, ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ സ്വപ്‌ന ബര്‍മന്‍ ഇവരെല്ലാം ഇന്ത്യയുടെ ഒരുപാട് കാലത്തെ കാത്തിരിപ്പിനാണ് വിരാമം കുറിച്ചത്. 2018 ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ പ്രധാന കാരണമായി കാണുന്നത് കായിക മന്ത്രാലയം തയാറാക്കിയ മിഷന്‍ ഒളിംപിക്‌സ് തന്നെയാണ്. കാരണം 2016ലെ റിയോ ഒളിംപിക്‌സില്‍ 117 പേരായിരുന്നു ഇന്ത്യക്ക് വേണ്ടി 15 കായിക ഇനങ്ങളില്‍ മത്സരിച്ചത്. ഇതില്‍ 63 പുരുഷന്‍മാരും 54 വനിതകളും ഉള്‍പ്പെട്ടിരുന്നു. വനിതാ ഗുസ്തിയില്‍ സാക്ഷി മാലികിന് ഒരു വെങ്കലവും വിംബിള്‍ഡനില്‍ പി.വി സിന്ധുവിന് ഒരു വെള്ളിയും മാത്രമാണ് ലഭിച്ചത്. രണ്ട് മെഡല്‍ മാത്രമായിരുന്നു 130 കോടി ആളുകളെ പ്രതിനിധീകരിച്ച് ബ്രസീലിലെത്തിയ സംഘം കൊണ്ടുവന്നത്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യന്‍ കായിക മന്ത്രാലയം പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സഹായത്തോടെയാണ് മിഷന്‍ ഒളിംപിക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മെഡല്‍ സാധ്യതയുള്ള താരങ്ങളെ കണ്ടെത്തി വിദേശത്തേക്കയച്ച് വിദേശ പരിശീലകരുടെ കീഴില്‍ പരിശീലിപ്പിക്കുന്നതായിരുന്നു പദ്ധതി. റിയോ ഒളിംപിക്‌സിന് ശേഷം ഇന്ത്യ ഇത് ഏറെ കുറെ നടപ്പാക്കിത്തുടങ്ങിയതിന്റെ ഫലമാണ് ജക്കാര്‍ത്തയില്‍ കണ്ടത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന്റെ തൊട്ടുമുമ്പുള്ള മാസത്തിലാണ് ഇന്ത്യന്‍ കായിക മന്ത്രാലയം കായിക താരങ്ങള്‍ക്ക് വിദേശത്ത് പോയി പരിശീലിക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചത്. ഈ പട്ടികയില്‍പെട്ട് വിദേശത്ത് പോയി പരിശീലിച്ച ജാവലില്‍ ത്രോ താരം നീരജ് ചോപ്ര, ഹിമാ ദാസ്, ദ്യുതി ചന്ദ്, വിനേഷ് ഫൊഗാട്ട്, അനസ്, ആരോക്യ രാജ് തുടങ്ങിയ താരങ്ങളെല്ലാം മെഡല്‍ നേടിയിട്ടാണ് തിരിച്ചെത്തിയിട്ടുള്ളത്. ഇനിയും ഇതുപോലുള്ള മികച്ച പരിശീലന പദ്ധതി മന്ത്രാലയം നല്‍കുകയാണെങ്കില്‍ ഇന്ത്യയുടെ മിഷന്‍ ടോക്യോ വിജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം നാം പ്രധനിധീകരിക്കുന്ന ജനക്കൂട്ടത്തില്‍നിന്ന് മികച്ചയാളുകളെ കണ്ടെത്തി പരിശീലനം കൊടുത്താല്‍ മികച്ച റിസല്‍ട്ടുണ്ടാക്കാന്‍ നമുക്ക് സാധിക്കും.
എല്ലാ മേളകളിലും ഇന്ത്യ മൂലയിലൊതുങ്ങുന്നതിന്റെ പ്രധാനപ്പെട്ട ഒരുകാര്യത്തില്‍ കൂടി ഇന്ത്യന്‍ അധികാരികള്‍ മാറേണ്ടതുണ്ട്. അര്‍ഹരെ മാത്രം പങ്കെടുപ്പിച്ചാല്‍ ഇന്ത്യക്ക് പ്രതീക്ഷിക്കുന്ന ഇനങ്ങളിലെല്ലാം മെഡല്‍ കൊണ്ടുവരാനാകും. അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടതിന്റെ പേരിലായിരുന്നു മലയാളി താരമായ പി.യു ചിത്രക്ക് കോടതി വരാന്തയിലും ഓടേണ്ടി വന്നത്. ചിലരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം കായിക മന്ത്രാലയം മാറുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. കായിക മന്ത്രാലയത്തിലെ അധികാരികള്‍ക്കും ബന്ധക്കാര്‍ക്കുമുള്ള ഒരു ടൂര്‍ പ്രോഗ്രാമായിട്ടാണ് ഇന്ത്യ എക്കാലത്തും ഓരോ മീറ്റിനേയും സമീപിക്കുന്നത്. ഇങ്ങനെ നീങ്ങുമ്പോള്‍ അര്‍ഹരായ നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുക്കാനാകാതെ പുറത്തിരിക്കേണ്ടി വരും. ഈ അവസ്ഥക്കും മാറ്റമുണ്ടായാല്‍ ടോക്യോയില്‍ ഇന്ത്യക്ക് ട്രാക്കിലും ഫീല്‍ഡിലും തിളങ്ങാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ലോക വേദികളില്‍ പോയി മെഡലുകള്‍ നേടിയിട്ടുള്ള നീരജ് ചോപ്ര, ഹിമാ ദാസ്, സൗരഭ് ചൗധരി, ഷര്‍ദുല്‍ വിഹാര്‍ എന്നിവരൊക്കെ നമുക്ക് മുമ്പിലുണ്ട്. ഇവര്‍ക്കെല്ലാം വേണ്ട വിധത്തില്‍ പരിശീലനവും പ്രോത്സാഹനവു ഇനിയും നല്‍കുകയാണെങ്കില്‍ 2020 ഒളിംപിക്‌സില്‍ ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ നേടാനാകും. ജക്കാര്‍ത്തയില്‍നിന്ന് മലയാളി താരങ്ങളും മികച്ച നേട്ടങ്ങളുമായിട്ടാണ് തിരിച്ചെത്തുന്നത്. ജിന്‍സണ്‍ ജോണ്‍സന്‍, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, വി.കെ വിസ്മയ, പി.യു ചിത്ര എന്നിവര്‍ സ്വര്‍ണമടക്കമുള്ള മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്താണ് തിരിച്ചെത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഇവരെ വേണ്ട രീതിയില്‍ പരിഗണിച്ചാല്‍ വരും മീറ്റുകളിലും നമുക്ക് ഇവരില്‍നിന്ന് കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."