ശിലാസ്ഥാപനവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നാളെ
ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ. ഹൈസ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 4.27 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും, ഹൈടെക് ക്ലാസ് മുറികളുടേയും പ്രതിഭാ സംഗമത്തിന്റെയും ഉദ്ഘാടനവും നാളെ അധ്യാപക ദിനത്തില്‍ വൈകിട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. അറ്റിങ്ങല്‍ എം.എല്‍.എ അഡ്വ. ബി. സത്യന് അധ്യക്ഷനാകും. ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തുന്നു.
2015 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്് ശതമാനം വിജയവും 2018ല്‍ 49 മുഴുവന്‍ എ പ്ലസും സ്കൂള്‍ നേടിയിട്ടുണ്ട്. വിവിധ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ പഠനം നടത്തി ദേശീയതലത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ടത് 'അവനവഞ്ചേരി മോഡല്‍' ആയിരുന്നു. ഈ വര്‍ഷം 400ല്‍ അധികം വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയ വിദ്യാലയമാണിത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍നിന്ന ഈ വിദ്യാലയം 'വിശപ്പിന് വിട', 'ചങ്ങാതിക്കൊരു കൈത്താങ്ങ്' തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
തരിശുനില കൃഷി, പ്ലാസ്റ്റിക് മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ വിജയകരമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഈ വിദ്യാലയത്തെത്തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. കളിസ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും അപര്യാപ്തതയും സ്കൂള്‍ വാഹന സൗകര്യത്തിന്റെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ മറികടന്ന് പ്രവര്‍ത്തന മികവിലൂടെ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി അവനവഞ്ചേരി ഗവ. ഹൈസ്കൂള്‍ മാറിയിട്ടുണ്ട്. ബഹുജന പങ്കാളിത്തത്തോടെ പരിമിതികള്‍ മറികടന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കുകയാണ് ഈ പൊതുവിദ്യാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."