കഠിനംകുളത്ത് സര്‍ക്കാരിന്റെ കടത്തുവള്ള സര്‍വിസ് ഇനിയും പുനരാരംഭിച്ചില്ല
കഠിനംകുളം: കഠിനംകുളത്ത് സര്‍ക്കാരിന്റെ കടത്തുവള്ള സര്‍വിസ് ഇനിയും പുനരാരംഭിച്ചില്ല. മാസം ആറ് പിന്നിട്ടെങ്കിലും അധികൃതര്‍ മൗനത്തിലാണ്. ഇത് കാരണം കടത്തുവള്ളത്തെ ആശ്രയിക്കുന്നവരായ നൂറ് കണക്കിന് ആളുകള്‍ക്ക് യാത്ര ഇപ്പോഴും ദുരിതത്തിലാണ്. കഠിനംകുളം പെലിസ് സ്റ്റേഷന് സമീപത്തെ കായല്‍തീരത്തുനിന്നും മുരുക്കുംപുഴയിലേക്ക് പോകുന്ന കടത്തുവള്ളത്തെ വിദ്യാര്‍ഥികളും നാട്ടുകാരും മത്സ്യത്തൊഴിലാളികളടക്കം നിരവധി പേരാണ് ആശ്രയിച്ചിരുന്നത്.
റോഡ് മാര്‍ഗം കഠിനംകുളത്തുനിന്ന് മുരുക്കുംപുഴയിലോ തിരിച്ചോ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റണം. തീരദേശത്ത് നിന്നുള്ള സ്ത്രീകളാണ് കടത്തിനെ ഏറ്റവുമധികം ആശ്രയിക്കുന്നത്. മുരുക്കുംപുഴ, മംഗലപുരം, പോത്തന്‍കോട്, ചെമ്പകമംഗലം, പെരുംങ്ങുഴി, ചിറയിന്‍കീഴ് ഭാഗത്തെ മാര്‍ക്കറ്റുകളിലേയ്ക്ക് മത്സ്യ വില്‍പ്പനയ്ക്കായി പോകുന്ന സ്ത്രീകള്‍ കടത്തിനെമാത്രമാണ് ആശ്രയിച്ചിരുന്നത്. ഇതിനു പുറമേ കഠിനംകുളത്തെ കടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് മുരുക്കുംപുഴ ഭാഗത്തുനിന്നും ദിവസവും നിരവധിപേര്‍ ചികിത്സയ്ക്ക് എത്താറുണ്ട്.
ഇപ്പോള്‍ വല്ലപ്പോഴും സര്‍വിസ് നടത്തുന്ന സ്വകാര്യ വള്ളം മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം. സര്‍ക്കാരിന്റെ കടത്തുവള്ള ജീവനക്കാരന്‍ നെയ്യാറ്റിന്‍കര സ്വദേശി പെന്‍ഷന്‍ ആയതോടെയാണ് ഇവിടുത്തെ കടത്ത് സര്‍വിസ് നിലച്ചത്. പൊതുമരാമത്ത് വകുപ്പാണ് ജീവനക്കാരനെ നിയമിക്കുന്നതെങ്കിലും ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കുന്നത് കഠിനംകുളം ഗ്രാമപഞ്ചായത്താണ്.
നാട്ടുകാരുടെ നിരന്തരമായ പരാതിയെതുടര്‍ന്ന് ജീവനക്കാരനെ നിയമിക്കുന്നനടപടികളുമായി പൊതുമരാമത്ത് മുന്നോട്ടുവന്നെങ്കിലും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികള്‍ ഉണ്ടാകാത്തതാണ് മാസം പലത് പിന്നിട്ടിട്ടും കടത്തുവള്ളം കായലിലിറക്കാന്‍ സാധിക്കാത്തതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഗ്രാമപഞ്ചായത്ത് കരാടിസ്ഥാനത്തിലാണെങ്കിലും ഒരാളെ നിയമിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."