യാത്രക്കാര്‍ക്ക് ഭീഷണിയായി തെരുവുനായ്ക്കള്‍
ചാരുംമൂട്: ഗ്രാമപ്രദേശങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചു. ഗ്രാമീണ ചന്തകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളുടെ ചുറ്റുവട്ടത്തു താമസിക്കുന്നവര്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഭീതിയിലായി.
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെയും പൂച്ചകളുടെയും പ്രസവത്തില്‍ ഉണ്ടാകുന്ന കുട്ടികളെ പബ്ലിക്ക് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ഉപേക്ഷിച്ചു പോകുന്ന പ്രവണത കൂടിയതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ചന്തക്കുസമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍.
നൂറനാട് എരുമക്കുഴി മാര്‍ക്കറ്റിന്റെ കനാല്‍ ഭാഗങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ കാല്‍നട യാത്ര അസാദ്ധ്യമായ അവസ്ഥയിലായി. ദൂരെ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിക്കുന്ന നായ്ക്കുട്ടികളും പൂച്ചകുഞ്ഞുങ്ങളും കിണറുകളില്‍ വീണു വെള്ളം മലിനമാകുന്നതായി വീട്ടുകാര്‍ക്ക് ആക്ഷേപം.
കനാല്‍ റോഡിന്റെ ജനവാസ കേന്ദ്രത്തിനു സമീപം ഉപയോഗശൂന്യമായ ആക്രി ഓട്ടോറിക്ഷകളും പ്ലാസ്റ്റിക് ബോക്‌സുകളും സ്വകാര്യ വ്യക്തികള്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ സുരക്ഷിതമായി തെരുവുനായ്ക്കളും പൂച്ചകളും വസിക്കുന്നു.
വളര്‍ത്തുമൃഗങ്ങളെ വീടുകളില്‍ സംരക്ഷിക്കുവാന്‍ നിയമപ്രകാരം പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണെന്നന്നിരിക്കെ നിയമം ലംഘിച്ച് വളര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തദ്ദേശസ്വയംഭരണ വകുപ്പും, മൃഗസംരക്ഷണ വകുപ്പും, പൊതുജന ആരോഗ്യമേല്‍ അധികാരികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലങ്കില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ വന്‍ ആപത്ത് സംഭവിക്കുവാന്‍ സാധ്യത.
തെരുവുനായ്ക്കളും പൂച്ചകളും ക്രമാതീകമായി വര്‍ദ്ധിച്ചതിനാല്‍ ഇവയെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് വളര്‍ത്താനും സംരക്ഷിക്കുവാനും അതാത് പഞ്ചായത്തുകള്‍ വേണ്ടതു ചെയ്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ആരോഗ്യത്തേയും നിലനിര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."