HOME
DETAILS
MAL
പൊന്നോമനകളെ രക്ഷിക്കാന്‍ ഹൃദയം വില്‍ക്കാന്‍ അമ്മ തെരുവിലിറങ്ങി
backup
September 22 2020 | 00:09 AM
കൊച്ചി: മക്കളുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്‍ക്കാനൊരുങ്ങി നിരത്തിലിറങ്ങിയ അമ്മയുടെ അപൂര്‍വ സമരത്തിന് ശുഭപര്യവസാനം. മലപ്പുറം സ്വദേശി ശാന്തിയാണ് മക്കളുടെ ചികിത്സയ്ക്കു നിവൃത്തിയില്ലാതെ വന്നതോടെ അഞ്ചു മക്കളുമായി നിരത്തിലറങ്ങിയത്. ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഹൃദയം ഉള്‍പ്പെടെ വില്‍ക്കാന്‍ തയാറാണെന്ന് വെള്ളക്കടലാസില്‍ ചുവന്ന മഷി ഉപയോഗിച്ച് എഴുതി പ്രദര്‍ശിപ്പിച്ചാണ് അവര്‍ തന്റെ നിസ്സയാവസ്ഥ ലോകത്തോട് വിളിച്ചുപറഞ്ഞത്.
കൊച്ചി മുളവുകാടിനടുത്ത് കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പോളിന്‍ ഉപയോഗിച്ചു തയാറാക്കിയ ഷെഡ്ഡിലാണ് ശാന്തി മക്കളെ ചേര്‍ത്തുപിടിച്ച് അവയവ വില്‍പനയ്ക്കായുള്ള ഗതികേടിന്റെ ബോര്‍ഡ് വച്ചത്. ഞായറാഴ്ചയാണ് വാടകവീടുപേക്ഷിച്ച് ഇവര്‍ റോഡുവക്കിലെത്തിയത്. കനത്ത മഴയത്തും രോഗികളായ മക്കളെ ചേര്‍ത്തുപിടിച്ചിരുന്ന ശാന്തിയുടെ കഥ ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ വി.ഡി സതീശന്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും വിഷയത്തിലിടപെട്ട് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. തുടര്‍ന്ന് കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
മക്കളുടെ ചികിത്സയ്ക്കായി എറണാകുളത്തെത്തിയ ശാന്തി കഴിഞ്ഞ ഒമ്പതു വര്‍ഷമായി വരാപ്പുഴയിലെ വാടകവീട്ടിലായിരുന്നു താമസം. തുടര്‍ച്ചയായി വാടക കൊടുക്കാനാവാതെ വന്നതോടെ സ്വമേധയാ അവിടം വിടുകയായിരുന്നു. വീട്ടുപകരണങ്ങളും സാധനസാമഗ്രികളും സഹിതമാണ് റോഡരികില്‍ കഴിഞ്ഞത്.
മക്കളുടെ രോഗത്തിനൊപ്പം ഭര്‍ത്താവ് ഉപേക്ഷിച്ചുപോകുകകൂടി ചെയ്തതോടെ ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മക്കള്‍ ഗുരുതര രോഗങ്ങള്‍ക്കു ചികിത്സയിലാണ്. മൂന്നു പേര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞു. അഞ്ചു ലക്ഷം രൂപയോളം കടമുണ്ട്. മൂത്ത രണ്ടു മക്കള്‍ ജോലിക്കു പോയിരുന്നെങ്കിലും അവര്‍ അപകടത്തില്‍പെട്ടതോടെ ജീവിതം ദുരിതത്തിലായി. മൂത്ത മകന്‍ വാഹനാപകടത്തില്‍ സാരമായ പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. രണ്ടാമത്തെ മകനും അപകടത്തെ തുടര്‍ന്ന് കിടപ്പിലായി. മൂന്നാമത്തെ മകന്‍ വയറ്റില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും പണമില്ലാത്തതിനാല്‍ തുടര്‍ചികിത്സയില്ലാതെ കഴിയുന്നു. നാലാമതുള്ള മകള്‍ക്ക് കണ്ണിനു ഗുരുതര പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തില്‍ ദുരിതക്കയത്തിലായതിനെ തുടര്‍ന്നാണ് ശാന്തി ഏക പോംവഴി എന്ന നിലയ്ക്ക് അവയവം വില്‍ക്കാന്‍ തുനിഞ്ഞത്. മക്കളുടെ ജീവന്‍ നിലനിര്‍ത്താന്‍ തന്റെ ഹൃദയംവരെ കൊടുക്കാന്‍ തയാറാണെന്ന് ശാന്തി പറഞ്ഞു.
വിവരമറിഞ്ഞതോടെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇടപെട്ടു. മന്ത്രി ശാന്തിയുമായി നേരിട്ടു സംസാരിച്ചു. ശാന്തിയുടെ മക്കളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പും നല്‍കി. തുടര്‍ന്ന് ഇവരെ മുളവുകാട് പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. വീടിന്റെ വാടക ഏറ്റെടുക്കാന്‍ ലയണ്‍സ് ക്ലബ്ബ് തയാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം വാടകവീട്ടിലേക്കു തിരിച്ചുപോയി.
വിഷയത്തില്‍ ഇടപെട്ട വി.ഡി സതീശന്‍, കുട്ടികളുടെ ചികിത്സ അടക്കമുള്ള കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പാക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."