റൊമാനെക് കത്തീഡ്രലിലെ പൂന്തോട്ടം
''ദയവായി പതുക്കെ, അദ്ദേഹത്തെ വേദനിപ്പിക്കരുത്.'' തീന്‍മൂര്‍ത്തി ഭവനില്‍ രാജീവിന്റെ തുന്നിച്ചേര്‍ത്തു കെട്ടിയ മൃതദേഹമടങ്ങുന്ന പെട്ടിയിലേയ്ക്ക് ഐസ് കൊണ്ടുവന്നു വയ്ക്കുന്നയാളോട് മകള്‍ പ്രിയങ്കയെ ചേര്‍ത്തുപിടിച്ചു സോണിയാഗാന്ധി പറഞ്ഞു. 1991 മെയ് മാസത്തിലെ ചൂടില്‍ ഐസ് അതിവേഗത്തില്‍ ഉരുകിപ്പോകുന്നതിനാല്‍ ഇടയ്ക്കിടെ വീണ്ടും നിറയ്‌ക്കേണ്ടി വന്നിരുന്നു.
ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്നു പറയാന്‍ കാര്യമായൊന്നും ബാക്കിയുണ്ടായിരുന്നില്ല. എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവച്ചു ശരീരം തുന്നിച്ചേര്‍ത്തത്.
സ്പാനിഷ് എഴുത്തുകാരന്‍ ഴാവിയര്‍ മോറോ എഴുതിയ സോണിയാ ഗാന്ധിയുടെ നാടകീയത നിറഞ്ഞ ജീവചരിത്രമായ 'റെഡ് സാരി'യില്‍ രാജീവിന്റെ മരണത്തിനു തൊട്ടുപിന്നാലെയുള്ള സോണിയയുടെയും മക്കളുടെയും ജീവിതനിമിഷങ്ങള്‍ വിവരിക്കുന്നുണ്ട്. അന്ന് 21 കാരനായ രാഹുല്‍ ഹാവാഡില്‍ നിന്നു വിവരമറിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. തീന്‍മൂര്‍ത്തി ഭവനില്‍ വച്ച മൃതദേഹത്തിനരികില്‍ രാഹുലിനെയും പത്തൊമ്പതുകാരിയായ പ്രിയങ്കയെയും ചേര്‍ത്തുപിടിച്ചു സോണിയ നിന്നു.
കാംബ്രിജ് വാഴ്‌സിറ്റി റസ്റ്റോറന്റില്‍ രാജീവിനെ ആദ്യമായി കാണുമ്പോള്‍ സോണിയയ്ക്കു പ്രായം പതിനെട്ടായിരുന്നു. 1965 ല്‍ കാംബ്രിജിനടുത്തുള്ള എല്ലി പട്ടണത്തിലെ റൊമാനെക് കത്തീഡ്രല്‍ പൂന്തോട്ടത്തിലെ പുരാതന മതില്‍ക്കെട്ടുകള്‍ക്കടുത്തുവച്ചു സോണിയയുടെ കൈകള്‍ പിടിച്ചു രാജീവ് മനസ്സുപങ്കുവയ്ക്കുന്നതിന് സഹപാഠിയായ ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സായിരുന്നു സാക്ഷി. വാഴ്‌സിറ്റിയില്‍ വച്ച് അവര്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷം മുതല്‍ രാജീവീന്റെ മരണം വരെ വിട്ടുപിരിയാത്ത അസാധാരണമായ പ്രണയമായിരുന്നു അതെന്നു സ്റ്റീഗിലിറ്റ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.
സംസ്‌കാരത്തിനായി രാജീവിന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ മക്കളെ ചേര്‍ത്തുപിടിച്ചു സോണിയയും കൂടെയുണ്ടായിരുന്നു. നടന്നുപോലും നീങ്ങാനാവാത്ത വിധം രാജ്പഥും പരിസരവും ജനങ്ങള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലായിരുന്നു. രാജീവിന്റെ കൈപിടിച്ചു നടന്നുനീങ്ങിയ ഇന്ത്യാഗേറ്റ് പരിസരവും രാജ്പഥും സോണിയയ്ക്ക് ഒരു ജീവിതകാലത്തിന്റെ ഓര്‍മയാണ്. അതുവരെയുള്ള ജീവിതത്തിന്റെ പകുതിയിലധികവും ജീവിച്ചതു രാജീവിനൊപ്പമാണ്.
ഇടയ്ക്ക് കാര്‍ വഴിയില്‍ കേടായതിനാല്‍ സോണിയയും മക്കളും ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. അംഗരക്ഷകര്‍ അവര്‍ക്കായി വഴിയൊരുക്കി മറ്റൊരു കാറില്‍ക്കയറ്റാന്‍ പാടുപെട്ടു. കണക്കുകൂട്ടിയതിലും ഒരു മണിക്കൂര്‍ വൈകിയാണു മൃതദേഹം സംസ്‌കരിക്കുന്നിടത്തെത്തിക്കാനായത്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി കൈയില്‍ ഗംഗാജലമടങ്ങിയ കുംഭവുമായി കൗമാരം മാറാത്ത രാഹുല്‍ നഗ്‌നപാദനായി വരുന്ന രംഗം മോറോ വിവരിക്കുന്നുണ്ട്.
ഒരുക്കിവച്ച ചിതയില്‍ ഗംഗാജലം തളിച്ചു മൂന്നു തവണ വലംവച്ചു. അപ്പോഴും ആ മനസ്സ് ആരും കാണാതെ ഏങ്ങിക്കരയുന്നുണ്ടെന്നു മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. ചന്ദനത്തടികള്‍ കൊണ്ടു മൂടിയ മൃതദേഹത്തിന് ഏറെയകലെയല്ലാതെ സോണിയയും പ്രിയങ്കയും നിന്നു.
കൈയില്‍ തീയുമായി ഒരിക്കല്‍ കൂടി മുന്നുതവണ വലംവച്ച രാഹുല്‍ വേദോച്ഛാരണങ്ങള്‍ക്കിടയില്‍ ചിതയ്ക്കു തീകൊളുത്തി. ആള്‍ക്കൂട്ടത്തിന്റെ ആരവം ഉറക്കെയായി. സോണിയ സാരിത്തലപ്പുകൊണ്ടു തലമൂടി പ്രിയങ്കയെ ചേര്‍ത്തു പിടിച്ച് എല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും അത് ആചാരത്തിന് എതിരാണെന്നുമായിരുന്നു സോണിയയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഉപദേശം.
എന്നാല്‍, സോണിയ സമ്മതിച്ചില്ല. ഇന്ദിര ഇത്തരത്തില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലേയെന്ന സോണിയയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. ആത്മാവിനെ വിമോചിപ്പിക്കാന്‍ പ്രതീകാത്മകമായി മുളകൊണ്ടു തലയുടെ ഭാഗത്തു കുത്തുന്ന ചടങ്ങു ബാക്കിയുണ്ടായിരുന്നു. ചിതയില്‍ തീ കത്തിപ്പടരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവം നിലവിളിയായി മാറി. രാഹുല്‍ പിന്നോട്ടുമാറി. സോണിയ പ്രിയങ്കയെ കെട്ടിപ്പിടിച്ചു. സോണിയക്ക് മടങ്ങാന്‍ സമയമായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങള്‍ ഉള്‍വലിഞ്ഞു ജീവിക്കുകയായിരുന്നു സോണിയ. ഇറ്റലിയിലെ വീട്ടിലേയ്ക്കു തിരിച്ചുചെല്ലാന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇതാണു തന്റെ ലോകമെന്നായിരുന്നു സോണിയയുടെ മറുപടി.
കാംബ്രിജിലെ പഠനകാലത്തു സാധാരണക്കാരനായായിരുന്നു രാജീവിന്റെ ജീവിതം. അമ്മയും മുത്തച്ഛനുമൊക്കെ അടിമുടി രാഷ്ട്രീയക്കാരായിരുന്നെങ്കിലും രാജീവിന് അതിലൊന്നും താല്‍പര്യമുണ്ടായില്ല. പഠനത്തിന്റെ ഇടവേളകളില്‍ മറ്റു വിദ്യാര്‍ഥികളെപ്പോലെ ഐസ്‌ക്രീം വിറ്റും തോട്ടത്തില്‍ പഴങ്ങള്‍ പറിക്കാന്‍ സഹായിച്ചും ട്രക്കിലേയ്ക്കു കയറ്റാന്‍ സഹായിച്ചും രാാജീവും ജോലി ചെയ്തു പണം കണ്ടെത്തി. രാത്രി സമയങ്ങളില്‍ തുടര്‍ച്ചയായി ബേക്കറികളില്‍ ജോലി ചെയ്തു. കാംബ്രിജ് തനിക്ക് ലോകത്തെ കണ്ടെത്താന്‍ അവസരം നല്‍കിയെന്നു രാജീവ് പറയാറുണ്ടായിരുന്നു.
ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സിന്റെ പഴയ ഫോക്‌സാവാഗണ്‍ കാറില്‍ സോണിയയ്‌ക്കൊപ്പം രാജീവ് വൈകുന്നേരങ്ങളില്‍ നഗരത്തിലൂടെയും ഒഴിവു ദിനങ്ങളില്‍ നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേയ്ക്കും സഞ്ചരിച്ചു. വൈകാതെ ആ കാര്‍ രാജീവ് വിലകൊടുത്തു വാങ്ങി. കാംബ്രിജിലെ ലജ്ജാലുവായ, പകല്‍ക്കിനാവു കാണുന്ന വിദ്യാര്‍ഥിയായിരുന്നു രാജീവ്. സ്റ്റീഗിലിറ്റ്‌സിനോടല്ലാതെ മറ്റാരോടും അയാള്‍ കൂടുതലൊന്നും മനസ്സു തുറന്നു സംസാരിച്ചിരുന്നില്ല. പിന്നെ സോണിയ മാത്രമായിരുന്നു കൂട്ട്.
പ്രസന്നനായിരുന്നു രാജീവ് എപ്പോഴും. ഫോട്ടോഗ്രഫിയോട് അതിയായ താല്‍പര്യം കാട്ടിയിരുന്ന രാജീവ് ഇംഗ്ലീഷ് നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ചിത്രമെടുത്തു നടന്നു. സ്റ്റാന്‍ ഗെറ്റ്‌സിന്റെയും സൂത്ത് സിംസിന്റെയം ജിമ്മി സ്മിത്തിന്റെയും ജാസ് സംഗീതവും ബീഥോവന്റെ സംഗീതവും ഒരുപോലെ പ്രിയമായിരുന്നു രാജീവിന്. സോണിയ കഴിഞ്ഞാല്‍ പറക്കലിനോടായിരുന്നു പ്രണയം. പൈലറ്റായി തുടരാന്‍ ആഗ്രഹിച്ച രാജീവ് നെഹ്‌റുവിന്റെ താല്‍പര്യത്തിനു വഴങ്ങിയാണു കാംബ്രിജില്‍ പഠിക്കാനെത്തിയത്.
എല്ലി പട്ടണത്തിലെ റൊമാനെക് കത്തീഡ്രല്‍ പൂന്തോട്ടത്തിലെ പ്രണയകാലത്തൊരിക്കല്‍ രാജീവ് അതേക്കുറിച്ചു സോണിയയോട് പറഞ്ഞിട്ടുണ്ട്: 'പറക്കുമ്പോള്‍ കാറ്റിന്റെ ശബ്ദം തരുന്ന സ്വാതന്ത്ര്യത്തേക്കാള്‍ മനോഹരമായി മറ്റൊന്നില്ല. സ്വാതന്ത്ര്യമല്ലാത്ത മറ്റെല്ലാത്തിനെയും കാറ്റ് നമ്മില്‍ നിന്ന് അകറ്റിക്കൊണ്ടുപോകും. അതെന്നെ ജീവിതത്തോടു കൊളുത്തിചേര്‍ത്തു വയ്ക്കും.'
1991 മെയിലെ ചൂടുള്ള പകലില്‍ രാജീവിന്റെ ചിതയില്‍നിന്നു തീനാളങ്ങള്‍ ആകാശത്തേയ്ക്കുയരുമ്പോഴും സോണിയ ഈ വാക്കുകളായിരിക്കണം ഓര്‍ത്തിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."