ഒ.ബി.സി സംവരണത്തിനുമേല്‍ വീണ്ടും സംവരണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: നിലവിലുള്ള ഒ.ബി.സി സംവരണത്തിനുള്ളില്‍ പ്രത്യേക സംവരണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി നിയോഗിച്ച റിട്ട. ജസ്റ്റിസ് ജി. രോഹിണി കമ്മിഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 27 ശതമാനം ഒ.ബി.സി സംവരണത്തിനുള്ളില്‍ എട്ടു മുതല്‍ 10 ശതമാനം വരെയോ മൂന്നിലൊന്നോ 1900 ജാതിവിഭാഗങ്ങള്‍ക്കായി സംവണം ചെയ്യണമെന്നാണ് ശുപാര്‍ശയിലുള്ളത്. നിലവില്‍ ഈ ജാതി വിഭാഗങ്ങള്‍ക്ക് മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സംവരണം ലഭിക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2017 ഒക്ടോബര്‍ രണ്ടിനാണ് ഇതു സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. മെയ് 31ന് കമ്മിഷന്റെ കാലാവധി അവസാനിക്കാനിരിക്കെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഏതെങ്കിലും ജാതിയോ മതമോ സാമൂഹിക സാഹചര്യമോ കണക്കിലെടുത്തല്ല, നിലവിലുള്ള സംവരണത്തിന്റെ ഗുണം ലഭിക്കാത്തവര്‍ എന്ന മാനദണ്ഡം മാത്രം കണക്കിലെടുത്താണ് സംവരണത്തിന് അര്‍ഹരെ കണ്ടെത്തേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവിലുള്ള ഒ.ബി.സി സംവരണത്തിന്റെ വലിയൊരു വിഹിതവും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ് ലഭിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
എണ്ണത്തില്‍ കുറവാണെന്ന കാരണത്താല്‍ 1900 ജാതിവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണത്തിന്റെ മതിയായ ആനുകൂല്യം ലഭിക്കുന്നില്ലെന്നും അതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസം എന്നിവ നേടാന്‍ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ജമ്മു എന്നിവിടങ്ങളിലാണ് ഒ.ബി.സിയ്ക്ക് ഉപവിഭാഗങ്ങളുള്ളത്. ഒരിടത്ത് താമസിക്കാതെ അലഞ്ഞുതിരിയുന്നവരോ, ഭാഗികമായി അലഞ്ഞുതിരിയുന്നവരോ ആയ വിഭാഗങ്ങളാണ് അവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."