വിവാദം പുകയുന്നു; ഇന്ന് യു.ഡി.എഫ് ജില്ലാ ഹര്‍ത്താല്‍
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യു.ഡി.എഫ് ഇടുക്കി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
ജില്ലയിലെ ജനങ്ങള്‍ ഒന്നാകെ മെഡിക്കല്‍ കോളജ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
അംഗീകാരം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് അപ്പീല്‍ കൊടുക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.
റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം ചെയര്‍മാന്‍ ജോണി കുളമ്പിള്ളി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസതി അഴകത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നിഷേധാത്മക നിലപാടുകളുമായി സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുവാന്‍ യു.ഡി.എഫ് നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ പറഞ്ഞു.
പാല്‍, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി യു.ഡി .എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.
പൊതു ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ഹര്‍ത്താലുമായി ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് ഘടകക്ഷി ജില്ലാ പ്രസിഡന്റുമാരായ റോയി കെ പൗലോസ്, പ്രൊഫ. എം ജെ ജേക്കബ്, കെ.എം ഐ ഷുക്കൂര്‍, ജി ബേബി, കോയ അമ്പാട്ട്, മാര്‍ട്ടിന്‍ മാണി, സുരേഷ് ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഹര്‍ത്താല്‍ വിളംബരം ചെയ്ത് ഇന്നലെ ജില്ലയുടെ വിവിധ മേഖലകളില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.
തൊടുപുഴയില്‍ നടന്ന പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം എഷുക്കൂര്‍, ജന. സെക്രട്ടറി എം.എസ് മുഹമ്മദ്, ഡി സി സി ജന. സെക്രട്ടറിമാരായ എന്‍.ഐ ബോന്നി, വി.ഇ താജുദ്ദീന്‍, എന്‍ രവീന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, കെ.എം ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."