ബിയ്യം കായല്‍ ടൂറിസം കേന്ദ്രത്തില്‍ വന്‍ കൈയേറ്റം: പ്രാഥമിക സര്‍വേ നടത്തി
പൊന്നാനി: ജില്ലയിലെ പ്രധാന കായല്‍ വിനോദ സഞ്ചാര കേന്ദ്രമായ ബിയ്യം കായല്‍ ടൂറിസ്റ്റ് കേന്ദ്രത്തോടു ചേര്‍ന്ന് കായല്‍ ഭൂമി വ്യാപകമായി കൈയേറിയതായി പരാതി. ഇതുപ്രകാരം ഇന്നലെ പ്രദേശത്ത് പ്രാഥമിക സര്‍വേ നടത്തി. മഴമൂലം കായലില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് സര്‍വേ പൂര്‍ത്തിയാക്കാനായിട്ടില്ല.
ഏക്കര്‍ കണക്കിനു ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ മരം നട്ടും മതില്‍കെട്ടിയും കൈയേറിയിട്ടുണ്ടെന്നാണ് പരാതി. ഇതിനെതിരെ നാട്ടുകാരില്‍ ചിലര്‍ 2015 ല്‍ തഹസില്‍ദാര്‍ക്കും ഇറിഗേഷന്‍ സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ കൈയേറ്റക്കാര്‍ക്കെതിരേ മറ്റു നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നു ജില്ലാ കലക്ടര്‍ക്ക് നേരിട്ടു പരാതി നല്‍കുകയായിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ സര്‍വേ നടന്നത്. 36 എന്ന സര്‍വേ നമ്പറിലെ ഭൂമി റീസര്‍വേ നടത്താന്‍ താലൂക്ക് സര്‍വേയര്‍ നേരത്തേ ഉത്തരവിട്ടിരുന്നു എങ്കിലും അന്നത് നടപ്പിലായില്ല.
ഉദ്ഘാടനം കാത്തിരിക്കുന്ന ബിയ്യം കായല്‍ പാര്‍ക്കിനോട് ചേര്‍ന്ന ഏക്കറു കണക്കിന് ഭൂമിയാണ് കൈയേറിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൈയേറിയ ഭൂമി വില്‍പ്പന നടത്തിയപ്പോള്‍ ആധാരത്തില്‍ പറഞ്ഞതിനേക്കാള്‍ ഭൂമി ലഭിച്ചതിനെ തുടര്‍ന്നാണ് കൈയേറ്റം പുറത്തായത്. കായല്‍ ഭൂമി കൈയേറിയതിനെതിരേ ഡി.വൈ.എഫ്.ഐ ശക്തമായ സമരപരിപാടികളുമായി രംഗത്തു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."