വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുത്ത്: അധ്യാപകനെതിരേ കുരുക്ക് മുറുകുന്നു
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി കര്‍ശനമാക്കുന്നു. അധ്യാപകനെതിരേ കൂടുതല്‍ തെളിവുകളും പുറത്തുവന്നിരിക്കുകയാണ്.
നാലു കുട്ടികളെ പരീക്ഷാ ഹാളിലിരുത്തി അധ്യാപകന്‍ പരീക്ഷ എഴുതിയതെന്നാണ് ആക്ഷേപം.
അതേ സമയം അധ്യാപകന്‍ പരീക്ഷ എഴുതിയത് സ്‌കൂളിന് നൂറ് ശതമാനം വിജയം ഉറപ്പാക്കാനാണെന്നാണറിയുന്നത്. അധ്യാപകന്‍ പരീക്ഷയെഴുതിയത് വിദ്യാര്‍ഥികള്‍ അറിഞ്ഞത് തട്ടിപ്പ് പിടിക്കപ്പെട്ടപ്പോള്‍ മാത്രവുമാണ്. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതി നല്‍കിയത്.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അതീവ ജാഗ്രതയോടെ നടത്തിയ മൂല്യനിര്‍ണയത്തിനിടെയാണ് ഗുരുതരമായ ആള്‍മാറാട്ടം കണ്ടെത്തിയത്. നാല് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. മുന്‍പ് പരീക്ഷയില്‍ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥികളെ അംഗവൈകല്യ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പ്രത്യേക ആനുകൂല്യങ്ങള്‍ കരസ്ഥമാക്കി വിജയിപ്പിക്കുന്ന മാര്‍ഗങ്ങളായിരുന്നു കൂടുതലായും സ്വീകരിച്ചിരുന്നത്.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ സമ്മതത്തോടെ ചില സഹായങ്ങള്‍ ചെയ്‌തെന്നായിരുന്നു അധ്യാപകന്‍ നിഷാദ് വി.മുഹമ്മദിന്റെ വിശദീകരണം. എന്നാല്‍ അത് മുഖവിലക്കെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
അധ്യാപകനെതിരേയും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേയും വിദ്യാഭ്യാസ വകുപ്പാണിപ്പോള്‍ അന്വേഷിക്കുന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം വേണമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ആവശ്യമനുസരിച്ച് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യമെങ്കില്‍ പൊലിസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
സ്‌കൂളിലെ നാലുപേര്‍ക്ക് അധ്യാപകന്‍ പരീക്ഷ എഴുതി നല്‍കി. 32 പേരുടെ ഉത്തരക്കടലാസില്‍ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.
സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി.മുഹമ്മദ് ആണ് സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്. വിഷയത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ട
ുണ്ട്.
ഇദ്ദേഹത്തെയും ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി.കെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെയാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് നീക്കിയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനുള്‍പ്പെടെ പൊലിസില്‍ പരാതി നല്‍കാനും തീരുമാനിച്ചിരുന്നു. ഇവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിന് പൊലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."