പിരിച്ചു വിടാന്‍ അനുമതി വേണ്ട, സമരം ചെയ്യുന്നതിന് 60 ദിവസത്തെ നോട്ടിസ്; പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് ബില്ലുകള്‍ പാസാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെ മൂന്ന് തൊഴില്‍ ബില്ലുകള്‍ കൂടി പാസ്സാക്കി കേന്ദ്രം. ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും തൊഴില്‍ ബില്ലുകള്‍ പാസാക്കി.
തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, തൊഴിലാളികളുടെ ആരോഗ്യം, തൊഴില്‍ അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഒരു ബില്‍. വ്യാവസായിക ബന്ധപ്പെട്ട ബില്ലാണ് മറ്റൊന്ന്. സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ബില്‍. ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ ഈ മൂന്ന് ബില്ലുകളും പാസാക്കിയത്.
തൊഴിലാളികള്‍ സമരം ചെയ്യുന്നതിന് മുന്‍പ് 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്നതാണ് വ്യാവസായിക ബന്ധ ബില്ലിലെ സുപ്രധാന വ്യവസ്ഥ. 300 ജീവനക്കാര്‍ വരെ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പിരിച്ചുവിടാം. നേരത്തെ ഇത് നൂറ് ആയിരുന്നു. ജീവനക്കാരുടെ കാര്യത്തില്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് വ്യാവസായിക ബന്ധ ബില്‍. അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ദേശീയ സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡിന് രൂപം നല്‍കാന്‍ നിര്‍ദേശിക്കുന്നതാണ് സോഷ്യല്‍ സെക്യൂരിറ്റി ബില്‍.
വനിതാ ജീവനക്കാര്‍ക്ക് ചില ഉപാധികളോടെ രാത്രിയിലും ജോലി ചെയ്യാന്‍ അനുവദിക്കാമെന്ന് തൊഴില്‍ സുരക്ഷാ ബില്‍ പറയുന്നു. സുരക്ഷ, തൊഴില്‍ സമയം, അവധി, വനിതാ ജീവനക്കാരുടെ അനുമതി തുടങ്ങിയ ഉപാധികള്‍ സ്ഥാപനങ്ങള്‍ പാലിക്കണം. ഇതര സംസ്ഥാനങ്ങളില്‍ മാസം 18000 രൂപ വരെ ശമ്പളം വാങ്ങുന്നവരെ കുടിയേറ്റ തൊഴിലാളികളായി തൊഴില്‍ സുരക്ഷാ ബില്‍ നിര്‍വചിക്കുന്നു.
അതോടൊപ്പം രാജ്യസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയാന്‍ തീരുമാനിച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.
എട്ട് രാജ്യസഭ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെയുളള പ്രതിപക്ഷ പ്രതിഷേധം എന്ന നിലയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മൂന്ന് സുപ്രധാന തൊഴില്‍ ബില്ലുകള്‍ രാജ്യസഭ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."