മിസൈല്‍ വേധ പരീക്ഷണം: അവശിഷ്ടങ്ങള്‍ ഭൂരിഭാഗവും നശിച്ചതായി ഡി.ആര്‍.ഡി.ഒ
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ വേധ പരീക്ഷണത്തിനിടെ സൃഷ്ടിക്കപ്പെട്ട അവശിഷ്ടഭാഗങ്ങള്‍ ഭൂരിഭാഗവും നശിച്ച് ഇല്ലാതായതായി ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. ശേഷിക്കുന്ന അവശിഷ്ടങ്ങള്‍ അധികം വൈകാതെതന്നെ നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനലൈസസില്‍ നടന്ന പരിപാടിയില്‍ 'സാങ്കേതിക വിദ്യ ദേശീയ സുരക്ഷയ്ക്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങള്‍ പൂര്‍ണമായും ഇല്ലാതാവാന്‍ എത്ര സമയമെടുക്കുമെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണ്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 27ന് നടന്ന മിഷന്‍ ശക്തി എന്ന് വിളിക്കുന്ന എ- സാറ്റ് മിസൈല്‍ പരീക്ഷണത്തില്‍ ഭൂമിയില്‍നിന്ന് 300 കി.മി അകലെ താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന ഉപഗ്രഹമാണ് തകര്‍ത്തത്.
ഈ നടപടി ബഹിരാകാശത്ത് മാലിന്യം സൃഷ്ടിക്കുമെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും മറ്റ് ഉപഗ്രങ്ങള്‍ക്കും ഭീഷണിയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഭൂമിയോടടുത്തുള്ള ഉപഗ്രഹം മിസൈല്‍ പരീക്ഷണത്തിന് വേണ്ടി തിരഞ്ഞെടുത്തത് സ്‌ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് നീങ്ങാതെ പെട്ടെന്ന് തന്നെ ഭൗമാന്തരീക്ഷത്തില്‍ പതിച്ചില്ലാതാവുമെന്നതിനാലാണെന്ന് ഇന്ത്യ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."