വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ കരുതല്‍ നടപടികളുമായി സിയാല്‍
നെടുമ്പാശ്ശേരി: വെള്ളപ്പൊക്കം മൂലം വിമാനത്താവളം അടച്ചിടേണ്ടിവരുന്നത് ഒഴിവാക്കാന്‍ കരുതല്‍ നടപടികളുമായി സിയാല്‍. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ രണ്ടുതവണയാണ് റണ്‍വേ അടച്ചിടേണ്ടിവന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍ രണ്ടാഴ്ചയോളമാണ് വിമാനത്താവളം അടച്ചിട്ടത്. 2013ലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടെങ്കിലും ഒരുദിവസത്തിനുശേഷം സര്‍വിസുകള്‍ പുനഃസ്ഥാപിച്ചിരുന്നു.
ഇത്തവണത്തേത് പോലുള്ള വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടല്‍ പ്രായോഗികമല്ലെന്ന വിലയിരുത്തല്‍ സിയാല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സാധാരണരീതിയിലുള്ള വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികളാണ് അടിയന്തരമായി സ്വീകരിക്കുന്നത്. പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍തോട് വഴി റണ്‍വേയില്‍ വെള്ളമെത്തുന്നതാണ് സിയാലിന് ഏറ്റവും വലിയ ഭീഷണി.
ഇതിന് പരിഹാരമായി ചെങ്ങല്‍തോടിന്റെ പ്രഭവസ്ഥാനത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നത് സിയാല്‍ പരിഗണിക്കുന്നുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയരുമ്പോള്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്ത്തി ചെങ്ങല്‍തോടില്‍ കൂടുതലായി വെള്ളമെത്തുന്നത് തടയാന്‍ കഴിയും. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് സംബന്ധിച്ച് ജലസേചന വകുപ്പിന്റെയും കിറ്റ്‌കോയുടെയും റിപ്പോര്‍ട്ടുകള്‍ ഈ മാസം 15ന് മുന്‍പായി ലഭിക്കും.
ഇതിനുശേഷം അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികള്‍ തയാറാക്കാനാണ് തീരുമാനം. വെള്ളപ്പൊക്കം നേരിടുന്നതിന് ഡെച്ച് സാങ്കേതികവിദ്യ നടപ്പാക്കാനും സിയാലിന് പദ്ധതിയുണ്ട്.
ഇതിനായുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് ഡച്ച് കണ്‍സള്‍ട്ടന്‍സിയുടെ വിദഗ്ധ സംഘം അടുത്തയാഴ്ച നെടുമ്പാശ്ശേരിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."