തുനീഷ്യയില്‍ ബോട്ട് മറിഞ്ഞ് 65 അഭയാര്‍ഥികള്‍ മരിച്ചു
തൂനിസ്: അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 65 പേര് മരിച്ചു. തുനീഷ്യന്‍ തീരത്തിനടുത്തുവച്ചാണ് ബോട്ട് മുങ്ങി അപകടം സംഭവിച്ചതെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. നാലുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്നവരില്‍ 16 പേരെ മത്സ്യബന്ധന ബോട്ടിലുള്ളവര്‍ രക്ഷപ്പെടുത്തിയതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.
ബോട്ട് സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് മുങ്ങുകയായിരുന്നുവെന്ന് തുനീഷ്യയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടി.എ.പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്പിലേക്ക് കടക്കാന്‍ എളുപ്പമുള്ള മാര്‍ഗമെന്ന നിലയില്‍ ലിബിയയിലെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കിയാണ് അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചുകടക്കുന്നത്. ചെറുബോട്ടുകളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്. ലോകത്ത് മുറിച്ചുകടക്കാന്‍ ഏറ്റവും പ്രയാസം നിറഞ്ഞതാണ് മെഡിറ്ററേനിയന്‍ സമുദ്രം. കഴിഞ്ഞ വര്‍ഷം ബോട്ട് മുങ്ങി ലിബിയന്‍ തീരത്തിനടുത്തുവച്ച് 90 പേര് മരിച്ചിരുന്നു.
2018ല്‍ മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പ്രതിദിനം ശരാശരി ആറ് അഭയാര്‍ത്ഥികള്‍ മരിച്ചെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015 മുതലാണ് യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം രൂക്ഷമായത്.
യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും മൂലം മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേര് അഭയം തേടി പോവുന്നത്. ഇവര്‍ വന്‍തോതില്‍ ചൂഷണത്തിനിരയാവുന്നതായും യു.എന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."