സഊദി ഹരിത ഇഖാമ: പ്രവാസികള്‍ക്ക് അനുഗ്രഹമാകും
റിയാദ്: വിദേശികള്‍ക്കായി സഊദി അവതരിപ്പിക്കുന്ന ഹരിത ഇഖാമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശൂറ മുഹ്‌സിന്‍ ഇബ്‌റാഹീം ശൈആനിയാണ് ഇതു സംബന്ധിച്ച ഏതാനും വിവരങ്ങള്‍ പുറത്ത് വിട്ടത്. പണമടച്ച് സ്ഥിരമായോ താല്‍ക്കാലികമായോ കാര്‍ഡ് സ്വന്തമാക്കാന്‍ കഴിയുന്നതോടെ നിരവധി സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സ്വന്തമായി ഭൂമികള്‍ വാങ്ങി എസ്‌റ്റേറ്റ് രംഗത്തടക്കം സ്വന്തമായി ബിസിനസ് ആരംഭിക്കാനും ആളുകള്‍ക്ക് സാധ്യമാകുന്നതോടെ രാജ്യത്തെ സാമ്പത്തികരംഗം കൂടുതല്‍ ശക്തമാകുമെന്നാണ് അധികൃതരുടെ കണക്കുകള്‍.
എന്നാല്‍, പുണ്യ ഭൂമികളായ മക്കയിലും മദീനയിലും കെട്ടിടങ്ങളും ഫ്‌ളാറ്റുകളും അടക്കമുള്ള റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തം പേരില്‍ വാങ്ങാന്‍ പ്രിവിലേജ് ഇഖാമ ഉടമകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് ശൂറാ കൗണ്‍സില്‍ അംഗം മേജര്‍ ജനറല്‍ മുഹ്‌സിന്‍ ബിന്‍ ഇബ്രാഹിം ശൈആനി പറഞ്ഞു.
പ്രത്യേക ഫീസ് അടക്കുക, അപേക്ഷകര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരിക്കുക, മാരകമായ രോഗങ്ങള്‍ക്ക് അടിമയല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്, സാമ്പത്തിക സ്ഥിതി രേഖകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് നിലവില്‍ പുറത്ത് വന്ന വിവരങ്ങള്‍. കാര്‍ഡ് ലഭ്യമാകുന്നതോടെ, സഊദികള്‍ക്ക് ലഭിക്കുന്ന ഏകദേശം മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാകും. സ്‌പോണ്‍സര്‍മാരെ ആവശ്യമില്ലാത്തതിനാലും സ്വന്തംനിലക്ക് ബിസിനസുകള്‍ കഴിയുമെന്നതിനാലും ഇത്തരക്കാര്‍ക്ക് ഇത് ഏറെ ആശ്വാസമാകും. കൂടാതെ, കുടുംബത്തിനൊപ്പം സഊദിയില്‍ താമസം, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, തൊഴിലാളികളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ റിക്രൂട്ട് ചെയ്യാന്‍ അനുമതി, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ അനുമതി, സ്വകാര്യ മേഖലയില്‍ ഇഷ്ടാനുസരണം തൊഴില്‍ മാറാന്‍ അനുമതി, സഊദിയില്‍നിന്ന് പുറത്തു പോകാനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയര്‍പോര്‍ട്ടുകളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സൗദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ഏതാനും പ്രത്യേക ആനുകൂല്യങ്ങള്‍ നിയമം വിദേശികള്‍ക്ക് നല്‍കുന്നു.
വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ അനുമതിയും തൊഴില്‍ മാറുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. എന്നാല്‍,സ്വദേശിവല്‍ക്കരിച്ച തൊഴിലുകളില്‍ ദീര്‍ഘകാല വിസാ ഉടമകള്‍ക്കും ആശ്രിതര്‍ക്കും ജോലി ചെയ്യാന്‍ വിലക്കുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."