ആരിഫ് അല്‍വി പാകിസ്താന് പ്രസിഡന്റ്
ഇസ്ലാമാബാദ്: പാകിസ്താന് പ്രസിഡന്റായി തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ.ആരിഫ് അല്‍വിയെ തെരഞ്ഞെടുത്തു. നാഷനല്‍ അസംബ്ലിയിലും സെനറ്റിലും ആകെ പോള്‍ ചെയ്ത 430 വോട്ടുകളില്‍ 212 വോട്ടുകളാണ് ആരിഫ് അല്‍വി നേടിയത്.
പ്രസിഡന്റ് മത്സരത്തില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹസനും പാകിസ്താന് മുസ്ലിം ലീഗ് -നവാസിന്റെ മൗലാനാ ഫസലു റഹ്മാനുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഫസ്ലുറഹ്മാന് 131, ഐസാന്‍ അഹ്സന് 81 വോട്ടുകളുമാണ് നേടാനായത്. ആറ് വോട്ടുകള്‍ തള്ളിയെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റായി തെരഞ്ഞെടുത്തതിനുശേഷം പാര്‍ട്ടി ചെയര്‍മാനും പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന് ആരിഫ് അല്‍വി നന്ദി പറഞ്ഞു. രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും രാജ്യത്തെ മുഴുവന്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ദന്ത രോഗ വിദഗ്ധനായ ആരിഫ് അല്‍വി പാകിസ്താന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക അംഗം കൂടിയാണ്. 2006 മുതല്‍ 2013വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
ജൂലൈ 25ന് നാഷനല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്നാണ് ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ പ്രസിഡന്റ് മംമ്നൂന്‍ ഹുസൈന്റെ കാലാവധി സെപ്റ്റംബര്‍ എട്ടിനാണ് അവസാനിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."