യുദ്ധഭീതിയില്‍ മധ്യേഷ്യ
വാഷിങ്ടണ്‍/റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധാന്തരീക്ഷം കൊഴുപ്പിക്കാന്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനം മധ്യേഷ്യയില്‍ വിന്യസിക്കുന്നതിനും ഒരു യുദ്ധക്കപ്പല്‍ കൂടി ഗള്‍ഫിലേക്ക് അയക്കുന്നതിനും യു.എസ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനുള്ള പാട്രിയറ്റ് മിസൈലുകളും കൂടുതല്‍ യുദ്ധവിമാനങ്ങളുമായി യു.എസ്.എസ് അര്‍ലിങ്ടണ്‍ കപ്പല്‍ ഉടന്‍ പുറപ്പെടുമെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖ് അധിനിവേശ യുദ്ധത്തില്‍ പങ്കെടുത്ത വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ ഇതിനകം ഈജിപ്തിലെ സൂയസ് കനാല്‍ കടന്ന് ചെങ്കടലിലെത്തിയിട്ടുണ്ട്. മേഖലയില്‍ ആക്രമണഭീതി സൃഷ്ടിക്കുന്ന ഇറാനെ നിലയ്ക്കുനിര്‍ത്തുന്നതിനാണ് ആയുധവിന്യാസം നടത്തുന്നതെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.
ശത്രുവിന്റെ വിമാനം, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ പര്യാപ്തമായ പാട്രിയറ്റ് മിസൈല്‍ സംവിധാനം നിലവില്‍ ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ബി-52 ബോംബര്‍ വിമാനങ്ങളുള്‍പ്പെടെയുള്ള യു.എസ് വ്യോമസേന നേരത്തെ ഖത്തറിലെ അല്‍ ഉദൈദിലുള്ള യു.എസ് സൈനികതാവളത്തില്‍ എത്തിയിരുന്നു. ഖത്തറിലെ അല്‍ ഉബൈദ് എയര്‍ ബേസില്‍ ദീര്‍ഘദൂര തന്ത്രപ്രധാനമായ ബോംബര്‍ ഇനത്തില്‍പെട്ട ബി 52 എച്ച് പോര്‍ വിമാനങ്ങള്‍ എത്തിയ ദൃശ്യങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തു വിട്ടിരുന്നു.
ഇത് കൂടാതെ, മറ്റു ചിലത് തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ അജ്ഞാത സ്ഥലത്തു ലാന്‍ഡ് ചെയ്തതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. നേരത്തെ, അമേരിക്കന്‍ സൈന്യം തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ തങ്ങളുടെ താവളമായി യു.എ.ഇയിലെ അല്‍ ദഫ്‌റ എയര്‍ ബേസ്, അല്‍ ഉബൈദ് എയര്‍ ബേസ് എന്നിവയെയാണ് ഉപയോഗിച്ചിരുന്നത്.
അതേസമയം, അമേരിക്കയുടെ നാവികസേനാ സംവിധാനങ്ങളെ ഒറ്റ മിസൈല്‍ കൊണ്ട് തകര്‍ക്കാനാകുമെന്നു മുതിര്‍ന്ന ഇറാന്‍ നേതാവ് ആയത്തുല്ല യൂസുഫ് തബാത്തബായ് നജാദ് പ്രതികരിച്ചു. വെള്ളിയാഴ്ച ഇസ്ഫഹാന്‍ സിറ്റിയില്‍ നടന്ന ജുമുഅ ഖുത്തുബയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് അവരുടെ ബില്യന്‍ ഡോളറിന്റെ യുദ്ധക്കപ്പല്‍ നശിപ്പിക്കാന്‍ ഇറാന് ഒരു മിസൈല്‍ മാത്രം മതിയെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അവര്‍ എന്തെങ്കിലും അതിക്രമത്തിനു തുനിഞ്ഞാല്‍ പരമോന്നതനേതാവായ ആയത്തുല്ലാ ഖാംനഇയുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് എണ്ണമറ്റ മിസൈലുകള്‍ അവിടെ പറന്നെത്തുമെന്നും നാശനഷ്ടങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദി ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച യു.എസിനെതിരേ മുദ്രാവാക്യമുയര്‍ത്തി ആയിരങ്ങള്‍ ഇറാനില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ യുദ്ധസന്നാഹങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ആറുമാസത്തേക്കുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതായി കുവൈത്ത് വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളടക്കം കരുതല്‍ ശേഖരം ശക്തിപ്പെടുത്താന്‍ അധികൃതര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും ബന്ധം വഷളായത്. പിന്നീട് മെയ് രണ്ടു മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ എണ്ണകയറ്റുമതി തടഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള മുഴുവന്‍ കപ്പലുകളെയും തടയുമെന്നു ഇറാന്‍ ഭീഷണി മുഴക്കുകയും അങ്ങനെ വന്നാല്‍ തിരിച്ചടിക്കുമെന്നു അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ യൂറോപ്യന്‍ യൂനിയനടക്കം വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവച്ച ആണവകാരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇറാനും വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ മാസം ഇറാന്റെ വിപ്ലവ ഗാര്‍ഡിനെ യു.എസ് ഭീകരപട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍ യു.എസ് സേനാവിന്യാസം മനഃശാസ്ത്ര യുദ്ധമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."