10 സെന്റ് സ്ഥലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി സെലിന്‍
ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി എരമല്ലൂര്‍ കൊടുവേലില്‍ പീറ്ററിന്റെ ഭാര്യ സെലിന്‍ പീറ്റര്‍. തന്റെ 10 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയാണ് സെലിന്‍ പീറ്റര്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുന്നത്. കുത്തിയതോടുള്ള 38 സെന്റ് സ്ഥലത്തുനിന്നാണ് 10 സെന്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയത്.
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ദൈവത്തിന്റെ പ്രചോദനമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് സെലിന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ പുനരിധിവാസത്തിനോ സ്ഥലം ഉപയോഗിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി കുടുംബം വ്യക്തമാക്കി. എ.എം ആരിഫ് എം.എല്‍.എയോടാണ് ഇങ്ങനെയൊരു ആഗ്രഹം സെലിന്‍ അറിയിച്ചത്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സ്ഥലത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങി ജില്ലാ കലക്ടര്‍ക്ക് കൈമാറി. സെലിന്റെ ഭര്‍ത്താവ് പീറ്റര്‍, മകന്‍ വിജോ പീറ്റര്‍ എന്നിവരും സെലിനൊപ്പം എത്തിയിരുന്നു. വിനുവും സ്മിതയുമാണ് മറ്റ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."