കുട്ടനാട്ടില്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി
ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനായി പാടശേഖരങ്ങളിലെ റിപ്പയര്‍ ചെയ്ത പമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി തന്നെ 25ന് മുകളില്‍ റിപ്പയര്‍ ചെയ്ത മോട്ടോറുകള്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പമ്പുകള്‍ അടുത്തദിവസങ്ങളില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടനാട്ടിലെ ആവശ്യത്തിനായി തയ്യാറാക്കിയ ഇരുപതോളം പമ്പുകളുടെ ഫ്‌ളാഗ് ഓഫും മന്ത്രി ആലപ്പുഴയില്‍ നിര്‍വഹിച്ചു.
വിദേശത്തുനിന്ന് കൊണ്ടുവന്ന ഉയര്‍ന്ന ശേഷിയുള്ള 12 പമ്പുകളും കിര്‍ലോസ്‌കര്‍ കമ്പനിയുടെ എട്ടുപമ്പുകളുമാണ് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയതത്. പമ്പിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈലം കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണ് 12 പമ്പുകള്‍. രണ്ട് ബാര്‍ജുകളിലായാണ് പമ്പുകള്‍ സ്ഥാപിച്ചത്. ഒരു ബാര്‍ജില്‍ ആറും മറ്റൊരു ബാര്‍ജില്‍ അഞ്ചും പമ്പുകള്‍ സ്ഥാപിച്ചു. ഒരു പമ്പ് ആലപ്പുഴ നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് വെള്ളം പമ്പുചെയ്യുന്നതിനായി വിനിയോഗിക്കും. 57 മുതല്‍ 75 കുതിരശക്തി ശക്തിയുള്ള പമ്പുകളാണ് 12 എണ്ണം.
ആദ്യഘട്ടത്തില്‍ പരുത്തിവളവിലും വടക്കേപാവക്കാട് പാടത്തുമാണ് ഇവ ഉപയോഗിക്കുക. എ.സി റോഡിലെ വെള്ളം വറ്റിക്കഴിഞ്ഞാല്‍ അവിടെയുള്ള ഉയര്‍ന്ന ക്ഷമതയുള്ള കിര്‍ലോസ്‌കര്‍ പമ്പുകളും കുട്ടനാട്ടിലെ മാറ്റു ഭാഗങ്ങളില്‍ ഉപയോഗിക്കും. റിപ്പയര്‍ ചെയ്ത് പമ്പുകളും 20 പുതിയ പമ്പുകളും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വളരെ വേഗം വെള്ളം വറ്റിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആവശ്യമായ ഇടങ്ങളില്‍ തൂമ്പ് തുറന്നു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് രാത്രിയില്‍ തിരിച്ചുകയറാതിരിക്കാന്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ തൂമ്പ് ചിലര്‍ മത്സ്യബന്ധനത്തിനായി തുറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബണ്ട് തുറക്കേണ്ട ഇടങ്ങളില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വറ്റിക്കുന്നതിനായി പുറത്തുനിന്ന് വാങ്ങിയ പമ്പുകള്‍ സജീകരിക്കുന്ന ചുമതല മുഴുവനും നിര്‍വഹിക്കുന്നത് ഇറിഗേഷന്‍ വകുപ്പാണ്. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരന്‍ബാബു പമ്പിങ്ങിന് നേതൃത്വം നല്‍കുന്നു. ഫ്‌ളാഗ് ഓഫിന് ജില്ലാ കലക്ടര്‍ എസ്. സുഹാസ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ബീനാ നടേശന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രി കുട്ടനാടിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."