HOME
DETAILS
MAL
കൊവിഡ്: തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി
backup
September 25 2020 | 03:09 AM
ഇന്ത്യയിലെത്തി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതും ഇവിടത്തെ സംസ്‌കാരങ്ങള്‍ മനസിലാക്കുന്നതും വിസാചട്ട ലംഘനമല്ല
മുംബൈ: രാജ്യത്തു കൊവിഡ് വ്യാപനത്തിനു കാരണക്കാരായെന്നാരോപിച്ച് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.
മാര്‍ച്ചില്‍ മ്യാന്‍മറില്‍നിന്നു ഡല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തെത്തുകയും തുടര്‍ന്നു നാഗ്പൂരിലെത്തുകയും ചെയ്തവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കിയത്.
നേരത്തേയും തബ് ലീഗ് പ്രവര്‍ത്തര്‍ക്കെതിരേ സമാന വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒരു വിഭാഗത്തെ കരുതിക്കൂട്ടി പ്രതിക്കൂട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നതടക്കം ശ്രദ്ധേയമായ പരാമര്‍ശങ്ങളും അന്നു കോടതി നടത്തിയിരുന്നു.
വിസാചട്ട ലംഘനം, മതപ്രചാരണം നടത്തല്‍, പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു മ്യാന്‍മറില്‍നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എട്ടു മ്യാന്‍മര്‍ സ്വദേശികള്‍ക്കെതിരേ ചുമത്തിയ കേസ് നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന പരാമര്‍ശവും കേസ് പരിഗണിച്ച ജസ്റ്റിസ് വി.എം ദേശ്പാണ്ഡെ, ജസ്റ്റിസ് അമിത് ബി. ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെത്തി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതും ഇവിടത്തെ സംസ്‌കാരങ്ങള്‍ മനസിലാക്കുന്നതും വിസാചട്ടങ്ങള്‍ ലംഘിക്കലാകുന്നില്ലെന്നും മ്യാന്‍മര്‍ സ്വദേശികള്‍ വിസാ ചട്ടങ്ങള്‍ ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന് ഇവര്‍ കാരണക്കാരായെന്ന വാദവും കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."