മുസ്‌ലിംവിരുദ്ധ പരാമര്‍ശം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പരാതിയില്‍ കേന്ദ്രമന്ത്രിയും ബെഗുസരായിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. സിങ്ങിന്റെ പ്രസംഗം ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍, മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രസംഗം അപലപനീയമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതവിഷയങ്ങള്‍ ഉപയോഗിക്കരുതെന്ന സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ് കേന്ദ്രമന്ത്രി നടത്തിയതെന്ന് കമ്മിഷന്‍ വിലയിരുത്തി. പ്രസംഗത്തോടുള്ള കമ്മിഷന്റെ നിലപാട് നോട്ടീസായി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.
തന്റെ മണ്ഡലത്തില്‍ പ്രചാരണത്തില്‍ പ്രസംഗിക്കവെ കഴിഞ്ഞമാസം 24നാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്. 'വന്ദേ മാതരം' എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പുനല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി (ഖബര്‍) വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് (മുസ്‌ലിംകള്‍) മണ്ണ് വേണം- എന്നായിരുന്നു ഗിരിരാജിന്റെ പ്രസ്താവന. ബി.ജെ.പി നേതാവ് അമിത് ഷാ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കേസില്‍ സ്വമേധയായാണ് സിങ്ങിനെതിരെ കമ്മിഷന്‍ നടപടിയെടുത്തത്. കേസില്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ കീഴടങ്ങിയ സിങ്, നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ പൊതുതെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടലംഘനം നടത്തിയതിന് കോടതിയില്‍ കീഴടങ്ങേണ്ടിവന്ന ആദ്യ രാഷ്ട്രീയക്കാരനാണ് വിവാദ പരാമര്‍ശങ്ങള്‍ പതിവാക്കിയ ഗിരിരാജ് സിങ്.
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ സി.പി.ഐക്കും തന്‍വീര്‍ ഹസന്‍ ആര്‍.ജെ.ഡിക്കും വേണ്ടി മല്‍സരിക്കുന്ന ബെഗുസരായിയില്‍ കടുത്ത ത്രികോണമല്‍സരമാണ് നടക്കുന്നത്. കഴിഞ്ഞമാസം 29നായിരുന്നു മണ്ഡലത്തിലെ വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."