റിലയന്‍സ് കേബിള്‍ വിവാദം; നഗരകാര്യ വകുപ്പ് തെളിവെടുപ്പ് തുടങ്ങി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നഗരകാര്യ വകുപ്പ് അധികൃതര്‍ ഇന്നലെ തെളിവെടുത്തു. കോഴിക്കോട് നഗരകാര്യ വകുപ്പ് സൂപ്രണ്ട് വിജയകുമാര്‍, ക്ലാര്‍ക്ക് സമീര്‍ എന്നിവരാണ് ഇന്നലെ നഗരസഭാ കാര്യാലയത്തിലെത്തി പരിശോധന നടത്തിയത്.
കേബിള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും രജിസ്റ്ററുകളും പരിശോധനയ്ക്കു വിധേയമാക്കി. അതേസമയം, പ്രധാന രജിസ്റ്ററായ ഉടമ്പടി രജിസ്റ്റര്‍ കണ്ടെത്താനായില്ല. പ്രാഥമിക തെളിവെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതായാണ് സൂചന. രാവിലെ പത്തരയോടെ തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചരവരെ നീണ്ടു.
ചില രേഖകളുടെ പകര്‍പ്പുകള്‍ സൂപ്രണ്ട് എടുത്തു. റിലയന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍, നഗരസകാര്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയ സി.പി.ഐ കൗണ്‍സിലര്‍ പി.എം ബഷീര്‍, സ്വതന്ത്ര കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവരില്‍നിന്നു കൂടുതല്‍ തെളിവുകളെടുത്തു. ഇവരുടെ മൊഴികളും രേഖപ്പെടുത്തി.
റിലയന്‍സുമായുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാമാണെന്നു കണ്ടെത്തിയെന്നാണ് കരുതുന്നത്. കേബിള്‍ സ്ഥാപിക്കുന്നതിനു പണം നല്‍കിയ ശേഷം ഉണ്ടാക്കിയ ഒന്‍പതിലെ കരാര്‍ നിലനില്‍ക്കുന്നതല്ലെന്നും സൂചനയുണ്ട്.
ചട്ടങ്ങള്‍ പാലിക്കാതെയാണ് റിലയന്‍സിന് റോഡുകള്‍ വെട്ടിപ്പൊളിച്ച് കേബിള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അടുത്ത ദിവസംതന്നെ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."