ബാര്‍കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും ഉമ്മന്‍ ചാണ്ടി; ബാര്‍കോഴയില്‍ നിലപാടു മാറ്റി എ. വിജയരാഘവന്‍
തിരുവനന്തപുരം: ബാര്‍കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍.
ബാര്‍കോഴ സമരം ശരിയായിരുന്നു എന്നുതന്നെയാണ് ഇടതുമുന്നണി കരുതുന്നത്. മറിച്ചുള്ള വാദങ്ങള്‍ ശരിയല്ല. ബാര്‍ കോഴയ്‌ക്കെതിരായ സമരത്തെ എല്‍.ഡി.എഫ് നിരാകരിച്ചെന്ന രീതിയില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കെ.എം മാണി അന്തരിച്ചതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചര്‍ച്ച നടത്തുന്നതു തന്നെ ശരിയല്ല എന്നാണ് പത്രത്തിന്റെ ലേഖകനോടു പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ലേഖകന്‍ ചെയ്തത്. ഇടതുമുന്നണിക്കും സര്‍ക്കാരിനുമെതിരേ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഈ നീക്കം. ബാര്‍കോഴക്കേസില്‍ മാണിയെ പ്രതിക്കൂട്ടിലേക്കു തള്ളിവിട്ടത് അദേഹത്തെ ദുര്‍ബലനാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ഗൂഢാലോചനയാണ്. മാണിയുടെ കുടുംബത്തോട് മാപ്പു പറയേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു. കേസില്‍ മാണിക്കെതിരേയുള്ള സമരം അദ്ദേഹം കുറ്റക്കാരനല്ലെന്ന് അറിഞ്ഞു തന്നെയുള്ള രാഷ്ട്രീയ സമരമായിരുന്നെന്നു പറഞ്ഞ ഇടതുമുന്നണി മാണിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പു പറയണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായാണ് വിജയരാഘവന്റെ പ്രതികരണം.
മാണിയോടും കുടുംബത്തോടും
മാപ്പുപറയണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: അന്തരിച്ച കെ.എം മാണിയോട് ചെയ്ത ക്രൂരതയ്ക്ക് അദ്ദേഹത്തോടും കുടുംബത്തോടും ഇടതുപക്ഷം മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിയെ ആദരിക്കാന്‍ യു.ഡി.എഫ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴക്കേസില്‍ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ടെണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നെന്നുമുള്ള എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തല്‍ മാണിക്കുള്ള മരണാനന്തര ബഹുമതിയാണ്.
അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സി.പി.എം നടത്തിയ ഈ വെളിപ്പെടുത്തല്‍ യു.ഡി.എഫ് ഏറ്റെടുക്കണം.
യു.ഡി.എഫ് മന്ത്രിസഭയ്ക്കും യു.ഡി.എഫിന്റെ ധനമന്ത്രിക്കുമെതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.
മാണിയുടെ രാജി സ്വീകരിച്ചത് തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."