സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരത്തുക കേന്ദ്രം വകമാറ്റി: സി.എ.ജി
ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരത്തുക കേന്ദ്ര ധനകാര്യ മന്ത്രാലയം നിയമവിരുദ്ധമായി വകമാറ്റി ചെലവഴിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്. തുക നല്‍കാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ജി.എസ്.ടി നഷ്ടപരിഹാരത്തുക അതതു വര്‍ഷം സംസ്ഥാനങ്ങള്‍ക്കു കൈമാറേണ്ടതായിരുന്നു. എന്നാല്‍ 2017-18, 2018-19 കാലയളവില്‍ നഷ്ടപരിഹാര സെസ്സായി ലഭിച്ച 47,272 കോടി രൂപ കേന്ദ്രം പൊതു അക്കൗണ്ടിലേക്കു മാറ്റുകയും ആ പണം മറ്റു ചെലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.
ഇതു ജി.എസ്.ടി നിയമത്തിന്റെ ലംഘനമാണെന്നും സി.എ.ജി ബുധനാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2017ലെ ജി.എസ്.ടി നഷ്ടപരിഹാര സെസ് നിയമം ഇത്തരത്തില്‍ സെസ് വഴി ലഭിക്കുന്ന പണം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ മാത്രമേ വിനിയോഗിക്കാവൂ എന്നും അതു മറ്റു ചെലവുകള്‍ക്കു വിനിയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടത്. കൂടുതല്‍ വരുമാനം കണക്കാക്കാനും ഈ വര്‍ഷത്തെ ധനക്കമ്മി കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍.
2018-19 സാമ്പത്തിക വര്‍ഷം 90,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ അനുവദിച്ചിരുന്നു. നഷ്ടപരിഹാര സെസ്സായി 95,081 കോടി ആ വര്‍ഷം ലഭിച്ചു. എന്നാല്‍ റവന്യൂ വകുപ്പ് 54,275 കോടി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കു കൈമാറിയത്. തുക അക്കൗണ്ട് ചെയ്യുന്നതിലെ നടപടിക്രമങ്ങളുടെയും ലംഘനമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രം നല്‍കേണ്ട പണത്തിനു പകരമായി റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശം തള്ളിയിരുന്നു. പണമില്ലെങ്കില്‍ കേന്ദ്രം വായ്പയെടുത്തു തരട്ടെയെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.
കൊവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും അതിനുള്ള ബാധ്യത കേന്ദ്രസ ര്‍ക്കാരിനില്ലെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."