ഇനി തെരുവുകള്‍ സമരങ്ങളാല്‍ നിറയട്ടെ
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സുധീരമായ പ്രക്ഷോഭങ്ങള്‍ക്കുശേഷം വീണ്ടും ഇന്ത്യന്‍ തെരുവുകള്‍ സമരങ്ങളിലേക്ക് ഉണരുകയാണ്. ഇത്തവണ കാര്‍ഷിക ബില്ലിനെതിരേ കര്‍ഷകരാണ് തെരുവിലിറങ്ങിയത്. പതിനായിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന സമരങ്ങള്‍ക്ക് ഭാരതം സാക്ഷ്യംവഹിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളൊന്നും അവര്‍ അനസുരിക്കുന്നില്ല. അങ്ങനെ ഉണ്ടാവുമെന്ന് ഇനി കരുതേണ്ടതുമില്ല. കൊറോണ വൈറസിന്റെ മറവിലൂടെ ഒളിച്ചുകടക്കുന്ന മറ്റൊരു വൈറസിനെ കര്‍ഷകര്‍ തിരിച്ചറിയുകയാണ്. ഈ ബില്ല് ഒരു ചതിയാണ്.
അടിസ്ഥാനപരമായി ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. കൃഷിക്കാരാണ് നമ്മുടെ നട്ടെല്ല്. എക്കാലത്തും നമ്മുടെ സംസ്‌കാരത്തെ നിയന്ത്രിച്ചിട്ടുള്ളത് കാര്‍ഷിക ജീവിതമാണ്. എല്ലാ ദുരിതങ്ങളേയും നമ്മള്‍ അതിജീവിക്കുന്നത് വയലുകളിലൂടെ തന്നെയാണ്. കര്‍ഷകന്റെ ജീവിതവും കോര്‍പറേറ്റ് അധിനിവേശത്തില്‍ തകര്‍ന്നാല്‍ എന്തിന്റെ പേരിലാവും നാമിനി അഭിമാനിക്കുക. ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ കൂപ്പുകുത്തും. നോട്ടുനിരോധനവും ജി.എസ്.ടിയും മാരകമായി പരുക്കേല്‍പ്പിച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു ആഘാതമാണ് ഈ ബില്ല്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കൂടുതലും മഹാരാഷ്ട്രയില്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ചാണിത്. രേഖപ്പെടുത്താതെപോയ കര്‍ഷക ആത്മഹത്യകള്‍ കൂടി ചേര്‍ത്താല്‍ ഇതിലുമെത്രയോ കൂടുതലായിരിക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും വെട്ടുകിളികള്‍പോലുള്ള കീടങ്ങള്‍ വഴിയുള്ള വിളനാശവും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാവുന്നു. അതേസമയം ഭരണകൂടങ്ങള്‍ കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാകുന്നതിനാല്‍ ഭൂരിഭാഗം ആത്മഹത്യകളുടെയും ഉത്തരവാദിത്വം ഭരണകൂടത്തിനു തന്നെയാണ്.
ലോക്‌സഭയിലും രാജ്യസഭയിലും ഈ ബില്ലിനെ പിന്തുണച്ച എം.പിമാര്‍ രാജ്യസ്‌നേഹികളല്ല. ഒറ്റുകാരാണ്. പക്ഷേ, ഒറ്റുകാരെ തിരിച്ചറിയാന്‍പറ്റാത്ത വിധം അന്ധത ബാധിച്ചിരിക്കുന്നു അവരെ പിന്തുണയ്ക്കുന്ന ജനതയ്ക്ക്. ഹിന്ദുത്വമെന്ന വംശീയ ആശയംകൊണ്ടാണ് സര്‍ക്കാരിന്റെ ജനവിരുദ്ധത മറയ്ക്കപ്പെടുന്നത്. യു.പിയുടെ മഹാഭൂരിഭാഗം ജനതയും ഒരിക്കല്‍ ആത്മബോധമുള്ളവരായിരുന്നു. വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണത്. ബി.ജെ.പിയുടെ അധീനതയിലായതോടെ ആത്മബോധം വംശീയതയ്ക്ക് അടിയറവ് പറഞ്ഞു. ബാബരി മസ്ജിദിനെച്ചൊല്ലിയുള്ള സംഘ്പരിവാര്‍ പ്രചരണങ്ങളോടെയാണ് അട്ടിമറി സംഭവിച്ചത്. തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ജനതയുടെ മുതുകത്തു പണിതുയര്‍ത്തുന്ന ഏത് ഫാസിസ്റ്റ് ക്ഷേത്രങ്ങളിലാണ് ദേവചൈതന്യങ്ങള്‍ക്ക് കുടിയിരിക്കാനാവുക? തീര്‍ച്ചയായും കര്‍ഷക പ്രക്ഷോഭങ്ങള്‍ വംശീയതയില്‍നിന്ന് മാനവികയിലേക്ക് ജനതയെ നയിക്കുമെന്ന് പ്രത്യാശിക്കാം.
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ ലക്ഷ്യംവെക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചയായി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ തന്നെയാണ് വ്യാപാര മേഖലയില്‍ സുസ്ഥിരമായ അടിത്തറയിടുന്നതെന്ന് അവര്‍ക്കറിയാം. റിലയന്‍സ് റീട്ടെയില്‍ മേഖലയിലേക്ക് കടന്നുകഴിഞ്ഞു. വാള്‍മാര്‍ട്ടും ഈ മേഖലയിലേക്ക് കടന്നു വരുന്നു. അവര്‍ക്ക് കാര്‍ഷിക മേഖല തീറെഴുതപ്പെടുകയാണ്. ഒരിക്കല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി എങ്ങനെ കര്‍ഷകരെ ചൂഷണം ചെയ്തുവോ അതേ ചൂഷണം കോര്‍പറേറ്റുകളിലൂടെ അരങ്ങേറും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കോര്‍പറേറ്റ് കമ്പനികള്‍ നിയന്ത്രിക്കും. അവര്‍ക്ക് അടിമപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം മാത്രമേ കര്‍ഷകനു സാധ്യമാവൂ എന്ന് വരും. ഉല്‍പ്പന്നങ്ങളുടെ തറവിലയെന്ന അടിസ്ഥാന സുരക്ഷിതത്വംപോലും കര്‍ഷകന് ഇല്ലാതാവും. ഏറ്റവും കൂടുതല്‍ ബാധിക്കുക ചെറുകിട കര്‍ഷകരെയാണ്.
യുഗപ്രഭാവന്മാരായ നേതാക്കളിലൂടെ കര്‍ഷകര്‍ ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കലപ്പയേന്തിയ കര്‍ഷകന്റെ ചിത്രം കൊടിയടയാളമാക്കി മാറ്റിയ രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടായിരുന്നു. കലപ്പയ്ക്കുപകരം താമരയെന്ന അലങ്കാരം ആധിപത്യം സ്ഥാപിക്കുന്നതോടെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വിശപ്പും വിയര്‍പ്പും തിരിച്ചറിയുന്ന രാഷ്ട്രീയം തന്നെ ക്ഷയിക്കാന്‍ തുടങ്ങി.
ഭരണകൂടങ്ങളെ വിറപ്പിച്ച് നിര്‍ത്താന്‍ കെല്‍പ്പുള്ള കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കരുത്തുള്ള നേതാക്കള്‍ നമുക്കുണ്ടായിരുന്നു. ബിഹാറുകാരനായ സഹജാനന്ദ് സരസ്വതിയെന്ന സന്ന്യാസിയാണ് ആള്‍ ഇന്ത്യാ കിസാന്‍ സഭയ്ക്ക് രൂപം നല്‍കുന്നത്. അത് പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധീനതയിലായി. പഴയ പഞ്ചാബിലെ ഛോട്ടുറാമും വലിയ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യു.പിയിലെ ചരണ്‍ സിങ് ആധുനിക ഭാരതത്തിലെ കര്‍ഷകരുടെ മിശിഹയെന്ന് അറിയപ്പെട്ടു. കര്‍ണാടകത്തില്‍ നഞ്ചുണ്ട സ്വാമിയുമുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകരെ സമരമുഖത്ത് അണിനിരത്താന്‍ ഉത്തര്‍പ്രദേശുകാരനായ മഹേന്ദ്രസിങ് ടിക്കായത്തിന് സാധിച്ചു. ഡല്‍ഹി ബോട്ട് കുബ്ബ മൈതാനിയില്‍ അഞ്ച് ലക്ഷം പേരെ അണിനിരത്തി 1988 ല്‍ അദ്ദേഹം നടത്തിയ സമരം രാജീവ് ഗാന്ധി സര്‍ക്കാരിനെ വിറപ്പിച്ചത് മറക്കണ്ട. 1990-ല്‍ ലഖ്‌നൗവില്‍ രണ്ട് ലക്ഷം പേരെ അണിനിരത്തിയായിരുന്നു ടിക്കായത്തിന്റെ സമരം. ഇത്തരം കര്‍ഷക നേതാക്കളുടെ അഭാവമാണ് മോദി സര്‍ക്കാരിന് ആശ്വാസകരമായി മാറുന്നത്. സമീപ കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷകമാര്‍ച്ചിന് നേതൃത്വം നല്‍കിയത് സി.പി.എമ്മിന്റെ കീഴിലുള്ള ആള്‍ ഇന്ത്യാ കിസാന്‍സഭയാണ്. 2018 മാര്‍ച്ച് 12ന് നാസിക്കില്‍നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്ററായിരുന്നു കര്‍ഷക ലോങ് മാര്‍ച്ച്. ജാഥ നയിച്ച അജിത് നവാലെ, അശോക് ധവാലെ, ജിവപന്തു ഗവിത് എന്നിവര്‍ക്കൊപ്പം മലയാളിയായ വിജു കൃഷ്ണനുമുണ്ടായിരുന്നു. ഇത്തരം കര്‍ഷക സമരങ്ങള്‍ തിരിച്ചുവരികയല്ലാതെ രക്ഷയില്ല. വലിയ കര്‍ഷക നേതാക്കളുടെ അഭാവമാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നം. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ വരുമ്പോള്‍ കര്‍ഷകര്‍ താനേ തെരുവിലിറങ്ങുമെന്നാണ് സമീപ ദിവസങ്ങളില്‍ കണ്ട കര്‍ഷക റാലികള്‍ നമ്മോട് പറയുന്നത്. മാനവികതയുടെ പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ജനവിരുദ്ധ നയങ്ങള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ജനങ്ങള്‍ക്കും ബാധ്യതയുണ്ടാവില്ലല്ലൊ. കൊവിഡ് ഉണ്ടാക്കുന്നതിനേക്കാള്‍ മാരകമായ നൈരാശ്യവും തകര്‍ച്ചയും ഭരണകൂടത്തിന്റെ നടപടികള്‍കൊണ്ട് ഉണ്ടായാല്‍ സമരമല്ലാതെ മറ്റ് മാര്‍ഗമുണ്ടാവില്ല ജനങ്ങള്‍ക്ക്. കോണ്‍ഗ്രസ് പാര്‍ട്ടി സമരം പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ട് മാത്രം കാര്യമായില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെട്ടുകൊണ്ടുള്ള വലിയ സമരങ്ങള്‍ തന്നെ വേണം. ഇനി മുതല്‍ ലോക്‌സഭയിലും രാജ്യസഭയിലും ഉള്ള പ്രതിരോധങ്ങള്‍കൊണ്ട് പ്രയോജനമൊന്നുമുണ്ടാവില്ല. ജനാധിപത്യവും ജനവികാരവും മാനിക്കാത്ത സര്‍ക്കാരിനെ തെരുവില്‍നിന്നുകൊണ്ടു നേരിടുകയേ വഴിയുള്ളൂ.
ഇന്ത്യ സമഗ്രാധിപത്യത്തിലേക്കു നീങ്ങുന്നു. ജനാധിപത്യത്തിന്റെ ഭാവി ഇരുളടഞ്ഞതാണ്. പാര്‍ലമെന്റുപോലും അപ്രസക്തമാവുന്നു. പുതിയ സ്വാതന്ത്ര്യസമരത്തിന് ആര് ആഹ്വാനം കൊടുക്കും, ആര് നേതൃത്വം കൊടുക്കും എന്നതാണ് പ്രശ്‌നം. പ്രതിപക്ഷത്തിന്റെ ശൈഥില്യത്തിന് രാജ്യം വലിയ വില നല്‍കേണ്ടിവരുന്നു.
പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും കാര്യം വരുമ്പോള്‍ സി.പി.എമ്മിന്റെ സ്ഥിതിയാണ് ഏറെ ദയനീയം. സമരങ്ങളിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനം സമരങ്ങളെ ഒരശ്ലീലമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും കേന്ദ്ര വിരുദ്ധ സമരം ജ്വലിപ്പിച്ചു നിര്‍ത്തിയിരുന്ന സി.പി.എം ഇപ്പോള്‍ കേന്ദ്രഭരണത്തോട് പൂര്‍ണ വിധേയത്വമാണ്. കേരളത്തിലെ സി.പി.എം നേതാക്കാള്‍ മോദിയെ വല്ലാതെ ഭയപ്പെടുന്നു. അവരുടെ സമരങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളും നമുക്കറിയാം. ഈ കൊവിഡ് കാലത്ത് സങ്കുചിത താല്‍പര്യങ്ങള്‍ക്കുവേണ്ടി സമരങ്ങളോട് കാണിക്കുന്ന ഈ നിലപാടിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും. സി.പി.എമ്മിന്റെ കര്‍ഷക സംഘടന നടത്തിയ ലോങ് മാര്‍ച്ച് വീണ്ടും ആരംഭിക്കേണ്ട സമയമായില്ലേ? അങ്ങനെ ചെയ്താല്‍ എന്തായിരിക്കും ഇപ്പോള്‍ സി.പി.എം നേതാക്കളുടെ നിലപാട് ? ആ ജാഥ നയിക്കുന്നവരെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിക്കുമോ? സമരങ്ങള്‍ അവസാനിച്ചാല്‍ പാര്‍ട്ടി ശരീരത്തില്‍ കൊഴുപ്പ് വന്നടിയും. അലസതയും ഉറക്കവും ബാധിക്കും. ഭരണകൂട ഭീകരതയെന്ന വൈറസിനെ നേരിടാന്‍ പറ്റാതാവും.
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ടുകൊണ്ട് മേധാപട്കറുടെ പ്രതികരണം വന്നു. നിങ്ങള്‍ പാര്‍ക്കുന്നത് എവിടെയാണോ അവിടെ തെരുവിലിറങ്ങാനാണ് മേധ പറഞ്ഞത്. അല്ലാതെ കൊവിഡിനെ പേടിച്ച് വീട്ടിലിരുന്ന് പ്രതിഷേധിക്കാനല്ല. ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ മാത്രമായി നമ്മുടെ സമരോത്സുകത മാറിയാല്‍ അത് ഭരണകൂടങ്ങള്‍ക്കാണ് പ്രയോജനപ്പെടുക. മൊബൈലില്‍ നോക്കി നിങ്ങള്‍ വീട്ടില്‍ കുത്തിയിരിക്കുക എന്നത് ഭരണകൂട അജന്‍ഡയാണ്. നാം കൊവിഡിനെ പേടിക്കാന്‍ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയായില്ലേ. പേടി നമ്മെ തിന്നുതീര്‍ക്കാന്‍ പ്രതിരോധങ്ങള്‍ മരവിപ്പിക്കാന്‍ അവസരം നല്‍കരുത്. കൊവിഡ് വിഷയത്തിലെ തീവ്ര ജാഗ്രത തുടരണം. സംശയമില്ല. അതേ ജാഗ്രത ഭരണകൂടങ്ങളുടെ ജനവിരുദ്ധതക്കെതിരേയും വേണം. സമരങ്ങളൊന്നും മാറ്റിവയ്ക്കാനുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."