യു.എ.ഇ തീരത്ത് സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: അറേബ്യന്‍ ഗള്‍ഫ് കടലില്‍ യു.എ.ഇ തീരത്ത് രണ്ട് സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. ക്രൂഡ് ഓയിലുമായി സഊദിയില്‍ നിന്ന് പുറപ്പെട്ട അംജദ്, അല്‍ മര്‍സഖ കപ്പലുകള്‍ക്കു നേരെയാണ് കടലില്‍വച്ച് അട്ടിമറിശ്രമം ഉണ്ടായത്. എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല. തങ്ങളുടെ രണ്ടു എണ്ണടാങ്കറുകള്‍ക്ക് നേരെ യു.എ.ഇ തീരത്തുവച്ച് ആക്രമണം ഉണ്ടായതായും പുറംഭാഗത്ത് കേടുപാടുകള്‍ ഉണ്ടായെന്നും സഊദി ഊര്‍ജ വ്യവസായമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
അമേരിക്കയിലേക്ക് ക്രൂഡ് ഓയില്‍ കടത്തുന്നതിനായി സഊദിയിലെ റാസ്തന്നൂറ തുറമുഖത്തേക്ക് തിരിച്ച കപ്പലിനു നേരെ ഫുജൈറ തീരത്ത്‌വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എണ്ണചോര്‍ച്ചയുണ്ടാവുകയോ കടലില്‍ രാസവസ്തുക്കള്‍ വീഴുകയോ ചെയ്തിട്ടില്ലെന്നും കപ്പലിന്റെ പുറംഭാഗത്തു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കപ്പലിനും വശങ്ങളില്‍ തുള വീണതായി റപ്പോര്‍ട്ടുണ്ട്. ഇറാനില്‍നിന്ന് 115 കിലോമീറ്റര്‍ അകലെ വച്ചാണ് ആക്രമണം നടന്നത്.
അതേസമയം, നാലു കപ്പലുകള്‍ക്കു നേരെ അട്ടിമറിശ്രമം നടന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രി പറഞ്ഞു. സഊദി കപ്പലുകള്‍ക്കു പുറമെ ആക്രമണത്തിനു വിധേയമായ രണ്ടു കപ്പലുകളില്‍ ഒന്ന് നോര്‍വേ രജിസ്‌ട്രേഷനുള്ള ആന്‍ഡ്രിയ വിക്ടറി എന്ന കപ്പലാണ്. ഇതിനു ചെറിയ കേടുപാടുണ്ട്. മറ്റൊന്ന് യു.എ.ഇയുടേതാണ്. ഞായറാഴ്ച പുലര്‍ച്ചെ ആറോടെയാണ് അട്ടിമറിശ്രമം നടന്നത്. അതേസമയം, ഫുജൈറ തുറമുഖത്ത് സ്‌ഫോടനം നടന്നതായ വാര്‍ത്ത സത്യമല്ലെന്നും യു.എ.ഇ വ്യക്തമാക്കി.
സംഭവത്തില്‍ യു.എ.ഇ ആഭ്യന്തര, അന്താരാഷ്ട്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇറാനെതിരെയുള്ള എണ്ണ ഉപരോധം പിന്‍വലിക്കാത്തപക്ഷം ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തുകയും ഇറാന്‍ എണ്ണക്കപ്പലുകളെ ആക്രമിക്കാനിടയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ കടലിലെ അട്ടിമറിശ്രമം ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഗൗരവമായാണ് കാണുന്നത്.
കടലിലൂടെയുള്ള സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യത്തെയാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്നും ലോകമെമ്പാടുമുള്ള എണ്ണ കയറ്റുമതിയെ ഇത് സാരമായി ബാധിക്കുമെന്നും സഊദി ഊര്‍ജമന്ത്രി പറഞ്ഞു. എണ്ണക്കപ്പലുകള്‍ക്ക് സ്വതന്ത്ര സഞ്ചാരപാതയൊരുക്കാന്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഇത്തരം സംഭവങ്ങള്‍ ഊര്‍ജ വിപണിക്കും ആഗോള സമ്പദ്ഘടനക്കും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഊദി എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നു ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു. സഊദി സഖ്യരാജ്യമായ ഈജിപ്തും ബഹ്‌റൈനും അട്ടമിമറിശ്രമത്തില്‍ പ്രതിഷേധിച്ചു.
അതേസമയം, മേഖലയെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഏജന്‍സികളുടെ നീക്കത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. അസംസ്‌കൃത എണ്ണ ബാരലിന് 0.78 ശതമാനം വര്‍ധിച്ച് 70.94ലെത്തി. യു.എസ് എണ്ണയ്ക്കും ബാരലിന് 0.71 ശതമാനം വില കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."