പൂര പെരുമയില്‍ ഘടക പൂരങ്ങള്‍
തൃശൂര്‍: പതികാലത്തില്‍ തുടങ്ങി പാരമ്യത്തിലേക്കു കുതിക്കുന്ന മേളപ്രപഞ്ചം. പൂരത്തിന്റെ റിഥം പൂരപ്രേമികളുടെ കൈകളെ മേലോട്ടുയുര്‍ത്തി. മേട സൂര്യശോഭയില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളണിഞ്ഞു മണികളുടേയും ചങ്ങലകളുടേയും കിലുക്കത്തില്‍ നടന്നു നീങ്ങുന്ന ഗജവീരന്‍മാര്‍. മാനത്തില്‍ അഗ്‌നി നക്ഷത്രങ്ങള്‍ വിരിയിക്കുന്ന കമ്പക്കെട്ട്. ഒറ്റ സ്‌നാപ്പിലൊതുങ്ങാതെ തൃശൂര്‍ പൂരം.
പൂരം നാളായ ഇന്നലെ വെളുപ്പിനു വടക്കുന്നാഥന്റെ നിയമവെടി മുഴങ്ങിയതോടെ പൂരത്തിന് അരങ്ങൊരുങ്ങി. സ്ത്രീകളും കുട്ടികളുമടക്കം വന്‍പുരുഷാരം മേളമാസ്വദിച്ച് ശ്രീമൂലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. ആദ്യം നട കടന്നെത്തിയത് കണിമംഗലം ശാസ്താവായിരുന്നു.
മഞ്ഞും വെയിലും കൊള്ളാതെ എല്ലാ പൂരത്തിനും ആദ്യമെത്താറുള്ള കണിമംഗലം ശാസ്താവ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. തുടര്‍ന്ന് കിഴക്കുമ്പാട്ടുകര പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി, കാരമുക്ക്-പൂക്കാട്ടിക്കര ഭഗവതി, ലാലൂര്‍ കാര്‍ത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി, നൈതലക്കാവമ്മ ഘടക പൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങി.
കണിമംഗലം തെക്കേഗോപുരത്തിലൂടെയും, പനമുക്കുംപിള്ളിയും ചെമ്പൂക്കാവും കിഴക്കേ ഗോപുരം വഴിയും കാരമുക്ക് തെക്ക് നിന്നെത്തി പടിഞ്ഞാറെ ഗോപുരത്തിലൂടെയും, ലാലൂരൂം ചൂരക്കോട്ടുകാവും അയ്യന്തോലും നെയ്തലക്കാവും പടിഞ്ഞാറു നിന്ന് കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെയും കടന്നാണ് വടക്കുന്നാഥന്റെ സന്നിധിയിലെത്തിയത്. തെക്കേഗോപുരം വഴി വടക്കുന്നാഥന്റെ സന്നിധിയിലെത്തുന്ന കണിമംഗലം ശാസ്താവിനൊഴികെ മറ്റു ഘടക പൂരങ്ങള്‍ക്ക് തെക്കോട്ടറിക്കം പൂരച്ചടങ്ങുകളുടെ ഭാഗമാണ്.
കാരമുക്ക് ദേവിയും കണിമംഗലം ശാസ്താവും പകല്‍ പൂരത്തിനു ശേഷം കുളശേരി ക്ഷേത്രത്തിലെത്തി പൂജകള്‍ കൈക്കൊണ്ട് രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങിയത്.
മേളക്കൊഴുപ്പിലും താളത്തിമിര്‍പ്പിലും ചെറുപൂരങ്ങള്‍ ആവേശമായപ്പോള്‍ വടക്കുന്നാഥന്റെ പടിഞ്ഞാറെ നട ഉച്ചക്കുമുമ്പേ തിങ്ങി നിറഞ്ഞിരുന്നു. പകല്‍പൂരത്തിന്റെ തനിയാവര്‍ത്തനങ്ങളായിരുന്നു രാത്രിയിലെ ഘടകപൂരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."