കരുത്ത് കാട്ടി ഇംഗ്ലീഷ് ഫുട്‌ബോള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണ് കൂടി കഴിഞ്ഞ ദിവസം തിരശ്ശീല വീണു. ലോകത്തെ ഏറ്റവും കോംപിറ്റേറ്റീവ് സീസണ്‍ എന്ന നേട്ടം സ്വന്തമാക്കി അവസാന മിനുട്ട് വരെ ആരാധകര്‍ ഉറ്റുനോക്കിയ സീസണായിരുന്നു ഇത്തവണത്തേത്. സ്‌പെയിനില്‍ ബാഴ്‌സലോണയും ഇറ്റലിയില്‍ യുവന്റസും ഫ്രാന്‍സില്‍ പി.എസ്.ജിയുമൊക്കെ ദേശീയ ലീഗുകളില്‍ വലിയ പോയിന്റ് വ്യത്യാസത്തില്‍ കിരീടങ്ങള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടില്‍ മാത്രം കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. ഓരോ ആഴ്ചയും പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടേയിരുന്നു. ആദ്യ സ്ഥാനക്കാര്‍ക്ക് വേണ്ടിയും ആദ്യ നാലിലെത്തുന്നതിന് വേണ്ടിയും ശക്തമായ മത്സരമായിരുന്നു നടന്നത്. 38 മത്സരങ്ങളില്‍നിന്ന് 98 പോയിന്റ് നേടിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം 100 പോയിന്റ് സ്വന്തമാക്കിയ സിറ്റിക്ക് ഇത്തവണ രണ്ട് പോയിന്റ് നഷ്ടമായി. സിറ്റിയുടെ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. കിരീടപ്പോരാട്ടത്തില്‍ സിറ്റിക്കൊപ്പം നിഴല്‍പോലെയുണ്ടായിരുന്ന ലിവര്‍പൂളായിരുന്നു സീസണിന്റെ പകുതിവരെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഴു പോയിന്റിന്റെ വരെ വ്യക്തമായ വ്യത്യാസം ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും സീസണിന്റെ പകുതിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി വഴങ്ങിയ ഒരു തോല്‍വിയും ഏതാനും സമനിലകളുമായിരുന്നു ലിവര്‍പൂളിന്റെ വിധി കുറിച്ചത്. സീസണില്‍ ഒറ്റ മത്സരത്തില്‍ മാത്രമേ ലിവര്‍പൂള്‍ പരാജയപ്പെട്ടിട്ടുള്ളു. പക്ഷെ തോല്‍വിയോളം പോന്ന ഏഴു സമനിലകളും ലിവറിന്റെ സമ്പാദ്യമാണ്. സിറ്റിയാകട്ടെ നാല് മത്സരങ്ങളില്‍ പരാജയവും രണ്ട് മത്സരങ്ങളില്‍ സമനിലയും ഏറ്റുവാങ്ങി. സീസണിന്റെ മദ്യത്തില്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് ഭീഷണി ആയി ഉണ്ടായിരുന്ന ടോട്ടനം ഇടക്ക് രണ്ടാം സ്ഥാനത്തും കയറിപ്പറ്റി. എന്നാല്‍ നായകന്‍ ഹാരി കെയിനിന്റെ പരുക്കും മറ്റു കാരണങ്ങളും ടോട്ടനത്തെ പിറകോട്ടടിച്ചു. സീസണിന്റെ ഏകദേശം മുക്കാല്‍ സമയം വരെയും ടോട്ടനം ഏറ്റവും ശക്തമായ മൂന്നാം സ്ഥാനക്കാരായി തൊട്ടുപിറകിലുണ്ടായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും നേരിട്ട തുടര്‍ തോല്‍വികളായിരുന്നു നാലാം സ്ഥാനത്തേക്ക് ടോട്ടനത്തെ പിന്തള്ളിയത്. 38 മത്സരത്തില്‍നിന്ന് 13 തോല്‍വികളും രണ്ട് സമനിലയും ഉള്‍പ്പെടെ 71 പോയിന്റാണ് ടോട്ടനത്തിന്റെ സമ്പാദ്യം. സീസണിലെ അവസാന മത്സരത്തില്‍ സമനിലയാണെങ്കിലും ചെല്‍സി മൂന്നാം സ്ഥാനം പിടിച്ചടക്കുകയായിരുന്നു. ആറാം സ്ഥാനത്ത് വരെ എത്തിയ ചെല്‍സി സീസണിന്റെ അവസാനത്തില്‍ നടത്തിയ മികച്ച പോരാട്ടമായിരുന്നു മൂന്നാം സ്ഥാനത്തെത്താന്‍ കാരണമായത്. 38 മത്സരത്തില്‍നിന്ന് 21 ജയവും എട്ട് തോല്‍വിയും ഒന്‍പത് സമനിലയുമാണ് ചെല്‍സിയുടെ സമ്പാദ്യം. എന്നിരുന്നാലും ചാംപ്യന്‍സ് ലീഗ് യോഗ്യത ഒപ്പിച്ചാണ് ചെല്‍സിയും ടോട്ടനവും സീസണ്‍ അവസാനിപ്പിച്ചത്.
ഇംഗ്ലീഷ് കരുത്ത്
യൂറോപ്യന്‍ ഫുട്‌ബോളില്‍ ഈ സീസണ്‍ ഇംഗ്ലണ്ടിന്റെതായിരുന്നു. യൂറോപ്പിലെ പ്രധാന ലീഗായ യുവേഫ ചാംപ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നീ ടൂര്‍ണമെന്റുകളില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത് മുഴുവനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടീമുകളാണ്. ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാര്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ മടങ്ങി. സെമിയിലുണ്ടായിരുന്ന നാല് ടീമില്‍ രണ്ടും ഇംഗ്ലണ്ടില്‍ നിന്നുള്ളവരായിരുന്നു. സ്പാനിഷ് ഫുട്‌ബോളിന്റെ വക്താക്കളായ ബാഴ്‌സലോണയെ മികച്ച മാര്‍ജിനില്‍ തുരത്തി ലിവര്‍പൂളും യൊഹാന്‍ ക്രൈഫിന്റെ നാട്ടുകാരെ അവസാന നിമിഷത്തില്‍ തറപറ്റിച്ച് ടോട്ടനവുമാണ് ചാംപ്യന്‍സ് ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിലേക്ക് ടിക്കറ്റ് നേടിയിട്ടുള്ളത്.
ഇതില്‍ ആര് ജയിച്ചാലും ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണ ഇംഗ്ലണ്ടിലേക്കെത്തുമെന്നുറപ്പായി. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി സ്‌പെയിനിലേക്ക് പോയിരുന്ന ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണ ഇംഗ്ലണ്ടിലെത്തിക്കുന്നത് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ കരുത്തായി കരുതാം. യൂറോപ്പ ലീഗിലും സ്ഥിതി മറിച്ചല്ല. ഇംഗ്ലീഷ് ക്ലബുകളായ ആഴ്‌സനലും ചെല്‍സിയുമാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിട്ടുള്ളത്. സെമിയിലുണ്ടായിരുന്ന രണ്ട് ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും ആഴ്‌സനലുമാണ് യൂറോപ്പ ലീഗിന് വേണ്ടി പോരാടുക. ഈ മാസം അസര്‍ബൈജാനിലെ ബാകു ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തോടെ യൂറോപ്പ ലീഗ് കിരീടവും ഇത്തവണ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറും. കഴിഞ്ഞ വര്‍ഷം അത്‌ലറ്റികോ മാഡ്രിഡ് സ്‌പെയിനിലേക്ക് കൊണ്ടുപോയ കിരീടം ഇത്തവണ ഇംഗ്ലണ്ടിലായിരിക്കും വിശ്രമിക്കുക.
മാനെ-സലാഹ്
യൂര്‍ഗന്‍ ക്ലോപ്പ് എന്ന അതികായനായ പരിശീലകന്റെ കണ്ടെത്തലായിരുന്നു സാദിയോ മാനെയും മുഹമ്മദ് സലാഹും. എ.എസ് റോമയുടെ താരമായിരുന്ന മുഹമ്മദ് സലാഹിനെ ലിവര്‍പൂളിലെത്തിച്ച് ക്ലോപ്പ് ആദ്യ സീസണില്‍ തന്നെ സലാഹിലെ മജീഷ്യനെ പുറത്തെത്തിച്ചു. ആദ്യ സീസണില്‍ 32 ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ കഴിഞ്ഞ ദിവസം 22 ഗോളുമായിട്ടായിരുന്നു സലാഹ് ഗോള്‍ഡന്‍ ബൂട്ട് രണ്ടാം തവണയും തന്റെ ഷെല്‍ഫിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്താനും സലാഹിന്റെ കരുത്ത് കൊണ്ട് സാധിച്ചു. മറ്റൊരു താരമായ സെനഗലിന്റെ സാദിയോ മാനെയായിരുന്നു സീസണിലെ മറ്റൊരു ടോപ് സ്‌കോറര്‍. 22 ഗോളുകളാണ് മാനെയുടെ സമ്പാദ്യം. മികച്ച ഫിനിഷറായി സലാഹിനൊപ്പം കളിച്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്തത് ക്ലോപ്പിന്റെയും ലിവര്‍പൂളിന്റെയും വിജയമായിരുന്നു.
ആന്‍ഫീല്‍ഡിലെ ആലിസണ്‍
മുഹമ്മദ് സലാഹിനെപ്പോലെ മറ്റൊരു സര്‍പ്രൈസായിരുന്നു ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബക്കര്‍. എ.എസ് റോമയില്‍ നിന്നായിരുന്നു ആലിസണേയും ക്ലോപ്പ് തന്റെ ടീമിലെത്തിച്ചത്. സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷിറ്റുകള്‍ നേടിയ താരവും ആലിസണായിരുന്നു. സീസണില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമെന്ന നേട്ടം ലിവര്‍പൂളിനെ തേടിയെത്തിയത് ആലിസണ്‍ ബക്കറിന്റെ കൈക്കരുത്ത് കൊണ്ട് മാത്രമായിരുന്നു. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലോറിസ് കുരിയാസ് വരുത്തിയ പിഴവുകള്‍ ഇനിയൊരു കീപ്പറില്‍നിന്നും ഉണ്ടാവരുതെ എന്ന പ്രാര്‍ഥനയിലായിരുന്നു ക്ലോപ്പും കൂട്ടരും. ഈ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് റോമയിലെ ആലിസണിലായിരുന്നു. ടീമിലെത്തിച്ച ആദ്യ സീസണില്‍ തന്നെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടാനും ആലിസണായി എന്നത് ക്ലോപ്പിന്റെയും ആലിസണിന്റെയും നേട്ടമായി വേണം കണക്കാക്കാന്‍.
ദുരന്തമായി യുനൈറ്റഡ്
പ്രീമിയര്‍ ലീഗിലെ ഏറ്റവും ദുരന്തം എന്തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ എല്ലാവര്‍ക്കും. അത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നായിരിക്കും. കഴിഞ്ഞ സീസണില്‍ 81 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുനൈറ്റഡ് ഇത്തവണ 66 പോയിന്റുമായി ആറാം സ്ഥാനത്ത്. യുനൈറ്റഡ് എന്തിനാണ് ആറിനെ ഇങ്ങനെ സ്‌നേഹിക്കുന്നതെന്നതിന് ഒരു പിടിയും കിട്ടുന്നില്ല. ജോസ് മൗറീഞ്ഞോ തുടങ്ങിയ സീസണ്‍ ഓലെയാണ് അവസാനിപ്പിച്ചത്. തോല്‍വിയും തൊഴുത്തില്‍ കുത്തും സമനിലയും കാരണം ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമായിരുന്നു മൗറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റിയത്. മൗറീഞ്ഞോയെ മാറ്റി ഓലെയെ ചെങ്കോലും കിരീടവും ഏല്‍പിച്ചപ്പോള്‍ കാര്യങ്ങള്‍ തെളിഞ്ഞ് തുടങ്ങി.
പിന്നീട് നടന്ന പത്ത് മത്സരത്തില്‍ യുനൈറ്റഡിന് ജയം മാത്രമായിരുന്നു. എന്നാല്‍ സീസണ്‍ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരുന്നപ്പോള്‍ യുനൈറ്റഡ് വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചുപോയി. സീസണിലെ അവസാന മത്സരത്തില്‍ സ്വന്തം മൈതാനത്ത് പട്ടികയിലെ തരംതാഴ്ത്തപ്പെട്ട ടീമായ കാര്‍ഡിഫ് സിറ്റിയോട് രണ്ട് ഗോളിന്റെ പരാജയമാണ് യുനൈറ്റഡ് രുചിച്ചത്. ഇടക്കാലത്ത് ഫോമിലേക്ക് തിരിച്ചെത്തിയിരുന്ന പോള്‍ പോഗ്ബ എന്ന പ്ലേ മേക്കര്‍ വീണ്ടും ഫോം ഔട്ടായതായിരുന്നു യുനൈറ്റഡിന് തിരിച്ചടിയായത്. ഓലെക്ക് പുറമെ മറ്റെന്തോ ഒരു ശക്തി യുനൈറ്റഡിനെ നിയന്ത്രിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
കിരീടം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ആദ്യ നാലിലെത്തി ചാംപ്യന്‍സ്‌ലീഗ് യോഗ്യതെയെങ്കിലും ഒപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യുനൈറ്റഡ്. എന്നാല്‍ ചാംപ്യന്‍സ് ലീഗിനും യൂറോപ്പ ലീഗിനും യോഗ്യത ഇല്ലാതെയാണ് യുനൈറ്റഡ് സീസണ്‍ അവസാനിപ്പിച്ചത്. അവര്‍ക്കിനി യൂറോപ്പ ലീഗിന് യോഗ്യതാ മത്സരം കളിക്കാം. എന്തായാലും സീസണിലെ ഏറ്റവും മോശം ടീമിനെ എണ്ണുമ്പോള്‍ യുനൈറ്റഡിന്റെ പേര് ആദ്യം ചേര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."