ഷോപ്പിയാനില്‍ കൊല്ലപ്പെട്ടത് തൊഴിലാളികള്‍ തന്നെ; സ്ഥിരീകരിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ തീവ്രവാദികളാണെന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ മൂന്നു യുവാക്കള്‍ തീവ്രവാദകളല്ലായിരുന്നെന്നും അവര്‍ ജോലിതേടിയെത്തിയവരായിരുന്നെന്നും ഒടുവില്‍ സ്ഥിരീകരണം. ഇന്നലെ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നത്തെ വ്യാജ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയ സൈനികര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂലൈ 17നായിരുന്നു ജമ്മു കശ്മിരിലെ ഷോപ്പിയാനില്‍ മൂന്നു യുവാക്കള്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍, രാജൗരിയില്‍നിന്നുള്ള 20കാരനായ അബ്‌റാര്‍, 25കാരനായ ഇംതിയാസ്, 17കാരനായ ഇബ്‌റാര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ജോലിക്കായി ഒരു ദിവസം മുന്‍പു യാത്രതിരിച്ച ഇവരെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഇവര്‍ തീവ്രവാദികളാണെന്നായിരുന്നു സൈന്യം വ്യക്തമാക്കിയിരുന്നത്. അതേ തുടര്‍ന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സൈന്യത്തിനെതിരേ ആരോപണവുമായി രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നു സൈന്യം നടത്തിയ അന്വേഷണത്തില്‍, അന്നു നടന്ന സൈനിക നടപടി തെറ്റായിരുന്നെന്നും അധികാരപരിധി മറികടന്നാണ് സൈനികര്‍ നടപടിയെടുത്തതെന്നും കണ്ടെത്തുകയും സൈനികര്‍ക്കെതിരേ നടപടിയെടുക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരുടെ ഡി.എന്‍.എ പരിശോധിച്ചതില്‍നിന്നാണ് കുടുംബം ആരോപിക്കുന്ന മൂന്നു യുവാക്കള്‍തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഇന്നലെ വ്യക്തമായത്.
രണ്ടു തീവ്രവാദികളെ വധിച്ചെന്ന് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ രണ്ടു തീവ്രവാദികളെ വധിച്ചെന്ന് സൈന്യം. ബിജ്‌ബേരയിലെ സിര്‍ഹാമയില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ വധിച്ചതെന്നു സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകിട്ടു മുതലായിരുന്നു ഈ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചതെന്നും ഇവിടെ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചിലിനെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അവന്തിപോരയില്‍നിന്നുള്ള ഇര്‍ഫാനുല്‍ഹഖ് ദര്‍ ആണെന്നു വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കശ്മിരില്‍ ഒരു അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചിരുന്നു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ സ്ഥിരസാന്നിധ്യമായിരുന്ന അഡ്വ. ബാബര്‍ ഖാദിരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ തീവ്രവാദികളാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും വധഭീഷണിയുണ്ടെന്നും ദിവസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പൊലിസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."