കാവല്‍ക്കാരന്റെ കൊലപാതകം: പണാപഹരണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പൊലിസ്
കോയമ്പത്തൂര്‍: മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരന്‍ ഓംബഹാദൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് നീലഗിരി ജില്ലാ പൊലിസ് സൂപ്രണ്ട് മുരളി രംഭ. സുരക്ഷാ ജീവനക്കാരന്റെ കൊലപാതകത്തിലേക്ക് അക്രമികളെ എത്തിച്ചത് പണത്തിനുവേണ്ടി മാത്രമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കോതഗിരി പൊലിസ് സ്റ്റേഷനില്‍ ഡി.ഐ.ജി ദീപക് എം. ദാമറുടെ അധ്യക്ഷതയില്‍ കോയമ്പത്തൂര്‍ റേഞ്ചിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പണം ലക്ഷ്യം വച്ചാണ് അക്രമികള്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍ എത്തിയതെന്ന് മുരളി രംഭ വ്യക്തമാക്കിയത്.
സുരക്ഷാ ജീവനക്കാരന്റെ കൊലക്കുപിന്നില്‍ ദുരൂഹതയുണ്ടെന്ന രീതിയില്‍ പത്രങ്ങളും ന്യൂസ് ചാനലുകളും വാര്‍ത്ത നല്‍കുകയാണ്.
ചില മാധ്യമങ്ങള്‍ രാഷ്ട്രീയ ബന്ധവും ആരോപിക്കുന്നുണ്ട്. സേലം ജില്ലയിലെ ചിത്തിരപാളയം സ്വദേശി കനക രാജാണ് എസ്റ്റേറ്റ് ബംഗ്ലാവിലെ മോഷണം ആസുത്രണം ചെയ്തിരുന്നത്.
ഇയാള്‍ നാല് വര്‍ഷത്തോളം ജയലളിതയുടെ കാര്‍ ഡ്രൈവറായിരുന്നു. തന്റെ സുഹൃത്ത് സയന്റെ സഹായത്തോടെയാണ് കനകരാജ് മോഷണത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
മോഷ്ടാക്കള്‍ക്ക് ബംഗ്ലാവില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലിസ് സൂപ്രണ്ട് പറഞ്ഞു. അഞ്ച് വാച്ചുകള്‍ നഷ്ടപ്പെട്ടതല്ലാതെ രേഖകളൊന്നും തന്നെ ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ല-സൂപ്രണ്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."