ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണന്നു കോടിയേരി
തിരുവനന്തപുരം: യു.ഡി.എഫില്‍ ആധിപത്യം ഉണ്ടാക്കാന്‍ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭയില്‍ യു.ഡി.എഫ് എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കര്‍ഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങള്‍ രാജ്യസഭയില്‍ പോരാടിയപ്പോള്‍, ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങള്‍ മൗനം പാലിച്ചു. കര്‍ഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാന്‍ പോലും കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാന്‍ സി.പി.എം പ്രചരണം നടത്തുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാറാട് കലാപം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരാണ് ആര്‍.എസ്.എസും ബി.ജെ.പിയും. സമരത്തിന്റെ നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. അവസാനം പ്രക്ഷോഭം എങ്ങനെ ഒത്തുതീര്‍പ്പാക്കി എന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍തന്നെ എഴുതിയതല്ലേ ബി.ജെ.പിക്ക് അധികാരം കിട്ടിയിട്ടും മാറാട് കലാപക്കേസ് സി.ബി.ഐയെക്കോണ്ട് അന്വേഷിപ്പിക്കാത്തത് എന്തുകൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യംവച്ചാണ് ചിലകേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയും മറ്റുചില കേസ് അന്വേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമല്ലേ
സാധാരണ കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയോ വേണം. അതില്‍നിന്ന് വ്യത്യസ്തമായാണ് ഇവിടെ സംഭവിച്ചത്. അതിനാലാണ് അസാധാരണ നടപടിയെന്ന് പറയുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ഇടതുപക്ഷത്തെ തകര്‍ക്കാനോ സര്‍ക്കാരിനെ അട്ടിമറിക്കാനോ സാധിക്കില്ല. പല സംസ്ഥാനങ്ങളിലും നടത്തിയ നീക്കങ്ങള്‍ കേരളത്തിലും നടത്തുന്നതിന്റെ തുടക്കമാണിത്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഇനിയുമുണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണം.
കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പച്ചക്കറിക്ക് തറവില നിശ്ചയിച്ചും മത്സ്യമേഖലയില്‍ ഇടപെട്ടും ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്പീഡ് ഇന്റര്‍നെറ്റിലൂടെ റിലയന്‍സിന്റെ കുത്തകവത്കരണനീക്കങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഫോണ്‍ പദ്ധതി വിഘാതം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."