തൊഴിലാളി-കര്‍ഷക മുന്നേറ്റം അനിവാര്യം
കര്‍ഷകരും കര്‍ഷക തൊഴിലാളികളും അടങ്ങുന്ന രാജ്യത്തെ 58 ശതമാനം വരുന്ന 80 കോടി ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് കാര്‍ഷികമേഖല. അതുകൊണ്ട് കാര്‍ഷിക ഉല്‍പാദനത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ഒരു കാര്‍ഷികരാജ്യമായി അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ അവസരവും കാര്‍ഷികരംഗത്താണ്. ആഭ്യന്തര ഉല്‍പാദനത്തിന്റെ 16 ശതമാനവും കയറ്റുമതിയില്‍ ഗണ്യമായ സംഭാവനയും ഈ മേഖല രാജ്യത്തിന് നല്‍കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ചുള്ള വ്യവസായങ്ങളും അവയില്‍ ഉല്‍പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയ്ക്ക് നല്‍കുന്ന ശക്തി ഏറെയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും പൊതുസമൂഹത്തിനാകെയും ശക്തമായ സംഭാവന നല്‍കുന്ന കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ജീവിതം പട്ടിണിമരണങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും സാക്ഷിയാകുമ്പോള്‍ അവരെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള ബാദ്ധ്യത സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ട്.
കഴിഞ്ഞ ആറു വര്‍ഷത്തെ മോദിഭരണത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട എല്ലാ നടപടികളും പരാജയമായിരുന്നു. 2016 നവംബര്‍ ഒന്‍പതിന് നടത്തിയ നോട്ടുനിരോധന പ്രഖ്യാപനം രാജ്യത്തെ മുഴുവന്‍ സാമ്പത്തിക ക്രയവിക്രയങ്ങളും താറുമാറാക്കി. ജനജീവിതം ആകെ സ്തംഭിച്ചു. ചെറുകിട ഉല്‍പാദന വാണിജ്യമേഖല ആകെ തകര്‍ന്ന് തരിപ്പണമായി. നൂറുകണക്കിന് പേര്‍ ബാങ്കുകളില്‍ ക്യൂ നിന്ന് മരണപ്പെട്ടപ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ആത്മഹത്യകളും ഇതിന്റെ പേരിലുണ്ടായി. 50 ദിവസം നല്‍കൂ എല്ലാം ശരിയാകും അല്ലെങ്കില്‍ ജനങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം ഇതായിരുന്നു പ്രധാനമന്ത്രിയുടെ ആവേശപ്രസംഗം. 50 ന് പകരം 1500 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. നോട്ട് നിരോധനത്തിന് പിന്നാലെ വന്ന അശാസ്ത്രീയ ജി.എസ്.ടി സമ്പ്രദായം വ്യവസായ, വാണിജ്യ, സാമ്പത്തിക മേഖലയെ ആകെ തകര്‍ത്തു.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ 2015 ഡിസംബര്‍ 25ന് പാകിസ്താനിലേക്ക് പ്രധാനമന്ത്രി നടത്തിയ ചായകുടി യാത്രയുടെയും 2015 മെയ് 14 നും, 2018 ജൂണ്‍ ഒന്‍പതിനും നടത്തിയ രണ്ട് ചൈനീസ് യാത്രകളുടെയും, 2014 സെപ്റ്റംബറിലും 2019 ഒക്‌ടോബറിലും ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയതിന്റെയും, മോദി - ട്രംപ് കൂട്ടുകെട്ടിന്റെയും വിദേശനയപ്രത്യാഘാതങ്ങള്‍ ഓരോന്നായി ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തികളെല്ലാം അശാന്തിയുടെ തീരങ്ങളായി മാറിയിരിക്കുന്നു. വിദേശനയത്തിന്റെ പാളിച്ച ഇവിടെ കാണാം.ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് തെരുവില്‍ പോര്‍വിളികള്‍ നടത്തപ്പെടുന്ന സ്ഥിതിക്കും രാജ്യം സാക്ഷിയായി. ഭൂരിപക്ഷമെന്നത് എല്ലാ അര്‍ഥത്തിലും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ളതാണെന്ന തോന്നല്‍ ഭൂരിപക്ഷത്തിനും അടിച്ചമര്‍ത്തപ്പെടുന്നവരാണെന്ന തോന്നല്‍ ന്യൂനപക്ഷങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഈ ദുര്‍ഘട സ്ഥിതിയിലും രാജ്യത്തെ ജനങ്ങളുടെയും പ്രത്യേകിച്ച് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന 92 കോടി ഗ്രാമീണ ജനങ്ങളുടെയും വികാരങ്ങളെ മാനിക്കാന്‍ തയാറാകാതെ കാര്‍ഷിക മേഖലയും നിയമം മൂലം കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുന്നു. ഇതിന്റെ അവസാനത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്ന കാര്‍ഷിക ഉല്‍പാദന വ്യാപാരവുമായി ബന്ധപ്പെട്ട ബില്ലുകള്‍. നിലവില്‍ തേയില, കാപ്പി, റബര്‍, കുരുമുളക്, ഏലം, ഗ്രാമ്പൂ തുടങ്ങിയ തോട്ടവിളകളുടെ അശാസ്ത്രീയമായ ലേലസമ്പ്രദായത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ് കര്‍ഷകര്‍. ലേലത്തിന്റെ പേരില്‍ ദിനംപ്രതി മാറുന്ന വില വ്യത്യാസത്തിന്റെ സാമ്പത്തിക ശാസ്ത്രം ഇന്നും ആര്‍ക്കും മനസിലായിട്ടില്ല. ഇന്ത്യന്‍ കര്‍ഷകരെ കൊള്ളയടിക്കുന്നതിനായി ബ്രട്ടിഷുകാര്‍ രൂപപ്പെടുത്തിയ പ്രാകൃത കച്ചവട സംസ്‌കാരമാണ് ഉല്‍പന്നലേല സമ്പ്രദായം. ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ കര്‍ഷകരെയാകെ കൊള്ളയടിക്കാന്‍ പോകുന്ന നിയമമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇനിമുതല്‍ കര്‍ഷകന്‍ തന്റെ ഭൂമിയില്‍ എന്ത് കൃഷിചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, ഏത് വിത്ത് ഉപയോഗിക്കണം, എന്ത് വളം ഉപയോഗിക്കണം, ഉല്‍പന്നത്തിന്റെ വില എത്രയായിരിക്കണം എന്നതെല്ലാം കോര്‍പറേറ്റുകളും അവരുടെ ഇടനിലക്കാരും തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടി? അന്തകവിത്തിന്റെ ദുരിതം അനുഭവിച്ചവരാണ് രാജ്യത്തെ കര്‍ഷകര്‍.
സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൃഷിഭൂമി 3946 ലക്ഷം ഏക്കര്‍ ആണ്. ഇതില്‍ 47 ശതമാനം വരുന്ന പകുതിയോളം ഭൂമിയില്‍ അഞ്ചു ഏക്കറില്‍ താഴെ കൃഷി ചെയ്യുന്ന ചെറുകിട സാധാരണകര്‍ഷകരാണ്. ഇവര്‍ ആകെ കര്‍ഷകരുടെ 86 ശതമാനം വരും. ഈ പാവപ്പെട്ട ഗ്രാമീണ കര്‍ഷകരെയാണ് കോര്‍പറേറ്റുകളുടെ തട്ടിപ്പിനും കൊള്ളയടിക്കുമായി സര്‍ക്കാര്‍ നിയമംമൂലം വിട്ടുകൊടുക്കുന്നത്. ഇത് കര്‍ഷകരോടും സാധാരണക്കാരോടും തൊഴിലാളികളോടും ഭരണകൂടം നടത്തുന്ന പരസ്യമായ വെല്ലുവിളിയും ധിക്കാരവുമാണ്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കൈവശത്തിലായിരുന്ന ചെറുകിട മൊത്തവ്യാപാരത്തിന്റയും ചരക്ക് ഗതാഗതത്തിന്റെയും സൂക്ഷിപ്പിന്റെയും വ്യവസായ ശൃംഖല ഓഗസ്റ്റ് 29 ന് 24713 കോടി നല്‍കി റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് വാങ്ങിയതിന് പിന്നാലെ
യാണ് നിലവിലെ കാര്‍ഷിക ബില്ല് പാര്‍ലമെന്റ് പാസാക്കിയത് എന്നത് ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. അംബാനിക്ക് വേണ്ടിയാണ് ഈ നിയമനിര്‍മാണമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും.
ഒന്നുമില്ലായ്മയില്‍ നിന്ന് രാജ്യത്തെ കാര്‍ഷികമേഖലയെ രക്ഷിച്ചെടുത്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പഞ്ചവത്സര പദ്ധതികളും ഹരിതവിപ്ലവവും ധവളവിപ്ലവവും അതിന്റെയെല്ലാം വിജയങ്ങളും നമുക്ക് മുന്നിലുണ്ട്. ഈ നയങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുകയാണ് രാജ്യത്തിന് ഇന്ന് ആവശ്യം. വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് സമാനമായ രീതിയില്‍ ശാസ്ത്രീയമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും വില നിശ്ചയിക്കപ്പെടണം. ഉല്‍പാദനം നടന്നാല്‍ ഉടന്‍ സംഭരണവും വിതരണ സംവിധാനവും ഉണ്ടാകണം. പ്രകൃതിക്ഷോഭം, കാലാവസ്ഥ വ്യതിയാനം, അനിയന്ത്രിത രോഗം എന്നിവമൂലം ഉണ്ടാകുന്ന നഷ്ടത്തിന് സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കണം. കാര്‍ഷിക ഗവേഷണം ശക്തിപ്പെടുത്തി അതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് കൃത്യമായി എത്തിച്ച് നല്‍കണം. കൃഷി ചെയ്യാനാവശ്യമായ പ്രവര്‍ത്തനമൂലധനം കുറഞ്ഞ പലിശക്ക് ലഭ്യമാക്കണം. ഈ തുക ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കണം.
ധവളവിപ്ലവകാലത്ത് അമൂല്‍ സ്ഥാപിച്ചതുപോലെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തി ഉല്‍പന്ന വിലയും സംഭരണവും വിതരണവും ക്രമപ്പെടുത്തി ഗ്രാമചന്തകളെ പ്രോത്സാഹിപ്പിച്ച് കാര്‍ഷിക മേഖലയെ ഉണര്‍ത്തിയെടുക്കണം. ആത്മഹത്യയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കണം. ഇതാണ് ഭരണകൂടം ചെയ്യേണ്ടത്. അതിന് പകരം കര്‍ഷകരെയെല്ലാം കോര്‍പറേറ്റുകള്‍ക്ക് ബലിതര്‍പ്പണമായി സമര്‍പ്പിക്കുന്ന ഇന്നത്തെ നടപടികള്‍ കര്‍ഷകരെയും ജനങ്ങളെ ആകെയും രാജ്യത്തെയും കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്. ഇത് ചെറുക്കാനായി തൊഴിലാളി- കര്‍ഷക മുന്നേറ്റം വേണം.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും ഐ.എല്‍.ഒ ഗവേണിങ് ബോഡി അംഗവുമാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."