അറസ്റ്റിലായ ബൂത്ത് ഏജന്റ് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ചതായി സ്ത്രീകള്‍
ഫരീദാബാദ്: പോളിങ് ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബി.ജെ.പിയുടെ പോളിങ് ഏജന്റിനെതിരായ ആരോപണം ശരിവച്ച് സ്ത്രീ വോട്ടര്‍മാര്‍.
ഹരിയാനയില്‍ ഫരീദാബാദിലെ പ്രിതാല എന്ന സ്ഥലത്തുള്ള അസൗട്ടി പോളിങ് ബൂത്തില്‍ ബി.ജെ.പി ബൂത്ത് ഏജന്റായിരുന്ന ഗിരിരാജിനെതിരെ ഇന്നലെ പ്രദേശത്തെ സ്ത്രീകള്‍ രംഗത്തുവന്നു. പോളിങ് ബൂത്തില്‍ വച്ചു താമര ചിഹ്‌നത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഗിരിരാജ് തന്നോട് ആവശ്യപ്പെട്ടതായി വോട്ടര്‍ ശോഭന മാധ്യമങ്ങളോടു പറഞ്ഞു. ഈ സമയം വോട്ട് ചെയ്യല്‍ എന്റെ മാത്രം ഇഷ്ടമാണെന്നും എനിക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തുമെന്നും ഗിരിരാജിനോടു പറഞ്ഞതായും ശോഭന വെളിപ്പെടുത്തി. രോഗിയായ മകളെ ശുശ്രൂഷിക്കേണ്ടതിനാല്‍ ഉടന്‍ തന്നെ ബൂത്തില്‍ നിന്നു മടങ്ങിയെന്നും ഇത് സംബന്ധിച്ച് ആര്‍ക്കും പരാതി നല്‍കിയിരുന്നില്ലെന്നും ശോഭന പറഞ്ഞു.
ആറാംഘട്ട വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ചയാണ് സംഭവം. വോട്ട് ചെയ്യാനായി സ്ത്രീകള്‍ എത്തുമ്പോള്‍ ഗിരിരാജ് എഴുന്നേറ്റ് അവരുടെ അടുത്ത് ചെന്ന് വോട്ടിങ് യന്ത്രം വച്ചിരിക്കുന്ന കാബിനില്‍ കയറിനില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇയാള്‍ മൂന്നുതവണ ഇങ്ങനെ ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഈ സമയം പ്രിസൈഡിങ് ഓഫിസര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും വോട്ടര്‍മാരെ 'സഹായിക്കുന്ന' പ്രവര്‍ത്തനം ഗിരിരാജ് തുടരുകയായിരുന്നു.
പ്രിസൈഡിങ് ഓഫിസര്‍ അമിത് അത്രിയുടെ പരാതിയില്‍ ഞായറാഴ്ച തന്നെ കേസെടുത്ത് ഗിരിരാജിനെ അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ഇയാളെ ജാമ്യത്തില്‍ വിട്ടത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വോട്ടിങ് യന്ത്രംവച്ച കാബിനിനുള്ളിലേക്ക് ചെല്ലുന്നത് കുറ്റകരമാണെന്ന് അറിയുമായിരുന്നില്ലെന്ന് ഗിരിരാജ് പറഞ്ഞു. ഗ്രാമത്തിലെ സ്ത്രീകളില്‍ ഭൂരിഭാഗം പേരും നിരക്ഷരരാണെന്നും എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നു കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നുമാണ് ഗിരിരാജിന്റെ വാദം.
അതേസമയം, ക്രമക്കേട് നടന്നുവെന്നു ബോധ്യപ്പെട്ടതോടെ അസൗട്ടി പോളിങ് ബൂത്തില്‍ ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമായ 19ന് വീണ്ടും പോളിങ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."