അറബിക് കെ-ടെറ്റ് വെരിഫിക്കേഷന്‍ കുരുക്കില്‍; പൊലിയുന്നത് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ
പെരിന്തല്‍മണ്ണ: അറബിക് ഭാഷാധ്യാപക പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ഥികളുടെ കെ-ടെറ്റ് വെരിഫിക്കേഷന്‍ സാങ്കേതിക കുരുക്കിലായതോടെ പൊലിയുന്നത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ പി.എസ്.സി പരീക്ഷാ മോഹം. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം വിജ്ഞാപനംവന്ന എല്‍.പി, യു.പി സ്‌കൂള്‍ അറബിക് അധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് കെ-ടെറ്റ് വെരിഫിക്കേഷനിലെ തടസങ്ങള്‍ തിരിച്ചടിയായത്.
2019 മെയില്‍ പ്രൈമറി വിദ്യാലയങ്ങളിലേക്ക് പരീക്ഷാഭവന്‍ നേരിട്ട് നടത്തിയ അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍ (എ.ടി.ഇ) അറബിക് ഭാഷാധ്യാപക പരീക്ഷ അടിസ്ഥാനയോഗ്യതയാക്കി കെ-ടെറ്റ് വിജയിച്ച ഉദ്യോഗാര്‍ഥികളേറെയും പി.എസ്.സി നടത്തുന്ന അധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്കും അപേക്ഷ സമര്‍പ്പിച്ചിരുന്നു. മലപ്പുറം, വയനാട്, കൊല്ലം ജില്ലകളിലായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികളില്‍ വയനാട് ജില്ലക്കാര്‍ പരീക്ഷയെഴുതുന്നതിനായി കണ്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണിപ്പോള്‍, കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷാ സര്‍ട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ചുയര്‍ന്ന തടസങ്ങള്‍ പി.എസ്.സി പരീക്ഷയെഴുതാനാകുമോയെന്ന ആശങ്കയില്‍ ഉദ്യോഗാര്‍ഥികളെ എത്തിച്ചിരിക്കുന്നത്.
പരീക്ഷാഭവന്‍ നടത്തിയ എ.ടി.ഇ പരീക്ഷയുടെ ഫലമെത്തും മുന്‍പേ, കെ-ടെറ്റ് വിജയിച്ചവര്‍ക്ക് പരീക്ഷാസമയത്ത് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നത്. ഈ നിയമം കര്‍ക്കശമാക്കുന്നതാകട്ടെ ചുരുക്കം ചില വിദ്യാഭ്യാസ ഓഫിസുകളില്‍ മാത്രവും. ഇതോടെ, പി.എസ്.സി പരീക്ഷയെഴുതാന്‍ യോഗ്യത നേടിയിട്ടും പരീക്ഷയില്‍ പങ്കാളികളാകാനാകില്ലെന്ന ദുരവസ്ഥയിലാണീ ഉദ്യോഗാര്‍ഥികള്‍.
അതേമയം, എ.ടി.ഇ പരീക്ഷകഴിഞ്ഞ് ആറുമാസം പിന്നിട്ട ശേഷമാണ് പ്രസ്തുത പരീക്ഷയുടെ ഫലപ്രഖ്യാപനമുണ്ടായത്. അരവര്‍ഷത്തെ കാത്തിരിപ്പാണ് ഫലത്തിനായി വേണ്ടിവന്നത്. ഫലമെത്താന്‍ ഇത്രയും വൈകിയത് കണക്കിലെടുക്കാതെ, ഇക്കാലയളവില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരെ ഉള്‍പ്പടെയാണിപ്പോള്‍ പരീക്ഷാസമയത്തെ യോഗ്യത മാനദണ്ഡമാക്കിയത് പ്രതിസന്ധിയിലാക്കുന്നത്. ജനറല്‍ എല്‍.പി.എസ്.ടി, യു.പി.എസ്.ടി പരീക്ഷകള്‍ നവംബറില്‍ നടക്കുമെന്ന പി.എസ്.സി പ്രഖ്യാപനം വന്നതിനു പിന്നാലെ അറബിക് ഭാഷാ പരീക്ഷകളും ഉടന്‍ നടക്കുമെന്നാണറിയുന്നത്.
ഇതിനു മുന്നോടിയായി കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ കാലതാമസം ഇല്ലാതാക്കാന്‍ ഏതെങ്കിലും മാര്‍ഗത്തിലൂടെയുള്ള നീക്കങ്ങള്‍ സഹായകമാകുമോയെന്നറിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കനിവും കാത്ത് കഴിയുകയാണീ ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."