പൊലിസ് മേധാവി നിയമനം ഉത്തരവിറക്കാനും നിയമോപദേശം
തിരുവനന്തപുരം: സെന്‍കുമാറിനെ പൊലിസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കാനും സര്‍ക്കാര്‍ നിയമോപദേശം തേടി. വിധി വന്നതിനുപിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏതുരീതിയില്‍ ഉത്തരവിറക്കുമെന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, ആഭ്യന്തര സെക്രട്ടറി സുബ്രതാ വിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് എന്നിവരുമായി രാത്രി വൈകിയും ചീഫ് സെക്രട്ടറി നളിനി നെറ്റോ ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ ചീഫ് സെക്രട്ടറി ഓഫിസിലെത്തിയെങ്കിലും ഉത്തരവിറക്കിയില്ല. അവസാനം നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടി. നിയമ സെക്രട്ടറിയുടെയും ശ്രീവാസ്തവയുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനും ലോക്നാഥ് ബെഹ്റയ്ക്കും പ്രത്യേകം ഉത്തരവിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സെന്‍കുമാറിനെ മാറ്റി ബെഹ്റയെ നിയമിക്കുമ്പോള്‍ ഒറ്റ ഉത്തരവാണ് ഇറക്കിയിരുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സെന്‍കുമാറിനെ പൊലിസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയത്. ഉത്തരവില്‍ സുപ്രിംകോടതി വിധികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ പൊലിസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന് എന്തുപദവി നല്‍കുമെന്ന് ഉത്തരവുകളില്‍ പറഞ്ഞിട്ടില്ല.
ഇന്നലെ രാവിലെ മുതല്‍ ഐ.എം.ജിയില്‍ ഉത്തരവിനായി സെന്‍കുമാര്‍ കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് വീട്ടില്‍പോയി തിരികെവന്നപ്പോള്‍ പ്രത്യേക ദൂതന് വഴി ഉത്തരവ് കൈമാറുകയായിരുന്നു. ഉത്തരവിറങ്ങാന്‍ ഇത്രയും കാലതാമസം ഉണ്ടായതെന്തെന്ന ചോദ്യത്തിന് സാങ്കേതിക കാരണങ്ങളാലാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസ് നല്കിയ മറുപടി.
അതേസമയം, പൊലിസ് മേധാവി സ്ഥാനമൊഴിഞ്ഞ ലോക്നാഥ് ബെഹ്റ ഇന്നലെ ഉച്ചവരെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന തിരക്കിലായിരുന്നു. എ.ഡി.ജി.പിമാരായ ബി സന്ധ്യ, ടോമിന് ജെ തച്ചങ്കരി, ഐ.ജി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി അടച്ചിട്ടമുറിയില്‍ ചര്‍ച്ച നടന്നു. ലോക്നാഥ് ബെഹ്റ ഇന്നലെ വിജിലന്‍സ് ആസ്ഥാനത്ത് എത്തിയില്ല. തിങ്കളാഴ്ച ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. നിലവില്‍ വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല ബെഹ്റയ്ക്കായിരുന്നു.
അതേസമയം പൊലിസ് മേധാവിയായി ചുമതലയേല്‍ക്കുന്ന സെന്‍കുമാറും സ്ഥാനമൊഴിയുന്ന ബെഹ്റയും ഒപ്പിടേണ്ട ജോയിനിങ് ഉത്തരവിലും അനിശ്ചിതത്വം.
ഉത്തരവില്‍ ഇരുവരും ഒപ്പിടണമെന്നാണ് നിയമം. എന്നാല്‍, ഒപ്പ് പ്രത്യേകം ഇടുവിച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഇതിനേത്തുടര്‍ന്ന് സെന്‍കുമാര്‍ ഒപ്പിടാന്‍ തയാറായില്ല. തുടര്‍ന്ന് ഇരുവരുടെയും പേര് ഉള്‍പ്പെട്ട ഉത്തരവ് കൊണ്ടുവന്നതിനു ശേഷമാണ് സെന്‍കുമാര്‍ ഒപ്പിടാന്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."