കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം'
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് വനിതാ ശിശു വികസന വകുപ്പ് 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം' എന്ന പുതിയ പദ്ധതി ഒരുക്കുന്നു.
ഇതിന്റെ ഭാഗമായി ഗ്ലോബല്‍ പാരന്റിങ്ങ് ദിനമായ ജൂണ്‍ 1 മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ മെഗാ കാംപയിന്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ്, വിദ്യാഭ്യാസം, 42 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍, 66,000 അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പൊലിസ് യൂനിറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, അധ്യാപകര്‍, ജെ.പി.എച്ച്.എന്‍മാര്‍, എന്‍.എസ്.എസ്, വിവിധ എന്‍.ജി.ഒ.കള്‍, വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടിയാണ് മെഗാ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്ക് പാരന്റിങ്ങിനെ കുറിച്ച് പ്രത്യേക കാംപയിന്‍ നടത്തും. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് മാത്രമായുള്ള ചൈല്‍ഡ് റൈറ്റ്‌സ് ക്ലബുകള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും അടുത്തിടെ ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജുവനല്‍ ജസ്റ്റിസ് കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിന് തീരുമാനിക്കുകയും അവര്‍ക്കായി ഒരു ഗൈഡ്‌ലൈന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന എല്ലാ കമ്മിറ്റികളും ഇതോടൊപ്പം ശാക്തീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ അങ്കണവാടി തലത്തില്‍ വള്‍ണറബിലിറ്റി സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍, കുടുംബം, കുട്ടികള്‍ എന്നീ മൂന്ന് വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സര്‍വേ നടത്തുന്നത്. ഇതോടൊപ്പം എല്ലാ ജില്ലകളിലും ഗുഡ് പാരന്റിങ്ങ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ അന്തിമ രൂപം നല്‍കി.
കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുഡ് പാരന്റിങ്ങ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
'ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍' എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുഡ് പാരന്റിങ്ങ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."