തീർഥാടകർക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ് വദ് മുത്താനോ സാധിക്കില്ല
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തി വച്ച ഉംറ ഒക്ടോബര്‍ നാലു മുതല്‍ ആഭ്യന്തര ഉംറ തീര്‍ഥാടനം ഭാഗികമായി തുടങ്ങുമെങ്കിലും തീര്‍ഥാടകര്‍ക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ് വദ് മുത്താനോ സാധിക്കില്ലെന്ന് ഇരുഹറം കാര്യവിഭാഗം പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍മാലികി അറിയിച്ചു.
സംസം നിറച്ച ബോട്ടിലുകള്‍ മസ്ജിദുല്‍ ഹറാമിനുള്ളില്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും. കഅ്ബക്ക് ചുറ്റും സ്ഥാപിച്ച ബാരിക്കേഡിന് പുറത്ത് മാത്രമാണ് ത്വവാഫ് ചെയ്യാന്‍ അനുമതിയുണ്ടാകുക. ബാരിക്കേഡ് മറികടക്കാന്‍ അനുമതി നല്‍കില്ല. പ്രത്യേക മെഡിക്കല്‍ വിഭാഗം ഇവിടെയുണ്ടാകുമെന്നും രോഗലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി പ്രത്യേക അനുമതി എടുക്കാത്തവര്‍ക്ക് മസ്ജിദുല്‍ ഹറാമിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. സംഘങ്ങളായാണ് ഉംറക്ക് അനുവദിക്കുക. ഓരോ സംഘവും കര്‍മങ്ങള്‍ക്കായി പ്രവേശിക്കുമ്പോഴും പൂര്‍ത്തീകരിച്ച് മടങ്ങുമ്പോഴും അണുനശീകരണം നടത്തും. അദ്ദേഹം പറഞ്ഞു.
അതേ സമയം സൗജന്യമായാണ് ഉംറ പെര്‍മിറ്റ് അനുവദിക്കുന്നതെന്ന് ഹജ് ഉംറ കാര്യമന്ത്രി ഡോ. മുഹമ്മദ് ബന്‍തന്‍ വ്യക്തമാക്കി. പെര്‍മിറ്റിന് ഒരു കാരണവശാലും പണം ഈടാക്കില്ല. ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ മന്ത്രാലയം ആവിഷ്‌കരിച്ച ഇഅ്തമര്‍നാ ആപ്പ് വഴി തീര്‍ഥാടകര്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ തെരഞ്ഞെടുക്കാനും സൗകര്യം ലഭിക്കും. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഉംറ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ഒരുക്കണമെന്നാണ് ഭരണനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാളെയും ഹറമില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഘട്ടത്തിന് ശേഷം ഒക്ടോബര്‍ 18 മുതല്‍ രണ്ടാം ഘട്ടം തുടങ്ങും. അന്നു മുതല്‍ 15,000 പേര്‍ക്ക് പ്രതിദിനം ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ മുപ്പത് വരെ ഇത് തുടരും. മൂന്നാം ഘട്ടം നവന്പര്‍ ഒന്നിന് ആരംഭിക്കും. അന്നു മുതല്‍ എല്ലാവര്‍ക്കും ഉംറക്ക് അനുമതിയുണ്ടാകും. പ്രതിദിനം പരമാവധി ഇഇരുപതിനായിരം പേര്‍ക്കേ ഈ സമയവും അനുമതി നല്‍കൂ. എന്നാല്‍ അറുപതിനായിരം പേര്‍ക്ക് ഹറമിലെ നമസ്കാരത്തിന് അനുമതി നല്‍കും.
കൊവിഡ് മുക്തമാകുന്ന രാജ്യങ്ങള്‍ക്കും ഈ സമയം മുതല്‍ ഘട്ടം ഘട്ടമായി അനുമതി നല്‍കും. കൊവിഡ് പൂര്‍ണമായും പ്രതിരോധിച്ച ശേഷമേ എല്ലാ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും ഉംറക്ക് അനുമതിയുണ്ടാകൂ. ഉംറക്ക് ആളുകള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാകുന്നുണ്ട്. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്കാകും കര്‍മങ്ങള്‍ക്ക് എത്താനാവുക. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ ക്രമീകരണം.
ഉംറ തീർത്ഥാനടത്തിനുള്ള അനുമതി പത്രം, മക്ക ഹറം നിസ്‌കാരം, മദീന മസ്‌ജിദുന്നബവി നിസ്‌കാരം, വിടവാങ്ങൽ ത്വവാഫ്, ജബലുന്നൂർ സന്ദർശനം, മദീനയിലെ റൗദ സന്ദർശനം, മദീനയിലെ മസ്‌ജിദുൽ ഖുബാ, ഉഹ്ദ് സന്ദർശനം തുടങ്ങിയവക്കുള്ള അനുമതി പത്രങ്ങൾക്കുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ മൊബൈലുകളിൽ https://apps.apple.com/sa/app എന്ന ലിങ്കിൽ കയറി ആപ് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. കൊവിഡ് മഹാമാരി വ്യാപനം തടയുന്നതിനയെ ഭാഗമായി ഈ വർഷം ഫെബ്രുവരി 27ന് ആണ് ഉംറയും മദീന സന്ദർശനവും നിറുത്തി വച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."