മകളും ഭാര്യയും ആത്മഹത്യ ചെയ്തത് ബാങ്കധികൃതരുടെ കടുത്ത ഭീഷണി മൂലമെന്ന് ചന്ദ്രന്‍: ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതര്‍
തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍
കടുത്ത ആരോപണവുമായി വീട്ടുടമ ചന്ദ്രന്‍.
മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചന്ദ്രന്‍ വെളിപ്പെടുത്തി. വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചാണ് വാങ്ങിയത്. ഇത് മകളെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു.
വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി.
ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെയും ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കലക്ടര്‍ നല്‍കിയത്.
അതേ സമയം ചന്ദ്രന്റെ ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതര്‍. മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."