ഓപ്പണ്‍ സര്‍വകലാശാല യു.ജി.സി അംഗീകാരമില്ലാത്തതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
തിരുവനന്തപുരം: യു.ജി.സി അംഗീകാരമില്ലാത്ത നിര്‍ദ്ദിഷ്ട ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷം തന്നെ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിക്കുന്നതിലും കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസ പ്രവേശനം നിര്‍ത്തലാക്കിയതിലും വിദ്യാര്‍ഥികള്‍ ആശങ്കയില്‍.
ഇതു കണക്കിലെടുത്ത് വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് സര്‍ക്കാരിന്റെ അനുമതി തേടി.
ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം അസാധാരണ ഗസറ്റായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. യു.ജി.സിയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടുകൂടി മാത്രമേ പുതുതായി ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുവാന്‍ പാടുള്ളൂവെന്ന യു.ജി.സിയുടെ 2017 റെഗുലേഷനില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ അനുമതി തേടാതെയാണ് യൂനിവേഴ്‌സിറ്റി ആരംഭിച്ചിരിക്കുന്നത്.
യു.ജി.സി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണ് അംഗീകാരം വാങ്ങാത്തതെന്നും ആക്ഷേപമുണ്ട്. കേരള, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകള്‍ക്ക് നിലവിലെ യു.ജി.സി ചട്ടപ്രകാരം വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താമെങ്കിലും ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ നിലവിലെ മറ്റ് സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശനം നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്.
ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനും കുറഞ്ഞത് ഒരു വര്‍ഷത്തെ സമയം ആവശ്യമുണ്ടെന്ന് യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നതിന് മുന്നോടിയായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ജി.സി മാനദണ്ഡ പ്രകാരം കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഓരോ വിഷയത്തിനും മൂന്ന് അധ്യാപകരെ വീതം നിയമിക്കണമെന്നും സര്‍വകലാശാലയില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമപ്പെടുത്തണമെന്നും വിവിധ അക്കാദമിക് സമിതികള്‍ രൂപീകരിക്കണമെന്നും സിലബസുകളും സ്റ്റഡി മെറ്റീരിയലുകളും നേരത്തേ തയാറാക്കണമെന്നും യു.ജി.സി അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥ ചെയ്യുന്നു.
സര്‍വകലാശാലയ്ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞു മാത്രമേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താന്‍ പാടുള്ളൂവെന്നും യു.ജി.സി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുമൂലം കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാനുള്ള നിലവിലെ അവസരവും വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടും.
ഓപ്പണ്‍ യൂനിവേഴ്‌സിറ്റിക്ക് യു.ജി.സി അംഗീകാരമില്ലാത്തത് കൊണ്ട് വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്ക് അന്യസംസ്ഥാനങ്ങളില്‍ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ തയാറെടുക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷത്തില്‍പരം വിദ്യാര്‍ഥികളാണ് വിദൂരവിദ്യാഭ്യാസ പഠനത്തെ ആശ്രയിക്കുന്നത്.
യു.ജി.സി അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഈ വര്‍ഷം ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ കോഴ്‌സുകള്‍ ആരംഭിക്കരുതെന്നും നിലവിലെ സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടരുവാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."