മുളവൂരില്‍ വീണ്ടും മോഷണം; ബൈക്കും മൊബൈല്‍ ഫോണും കവര്‍ന്നു
മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ വീണ്ടും മോഷണം. ബൈക്കും മൊബൈല്‍ ഫോണും മോഷണം പോയി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുളവൂരില്‍ മോഷണ പരമ്പര അരങ്ങേറിയത്. മുളവൂര്‍ വലിയവെട്ടികുടി സീതിയുടെ ബൈക്കാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. തടി വ്യാപാരിയായ സീതി ചൊവ്വാഴ്ച പുലര്‍ച്ചെ ബൈക്ക് മുളവൂര്‍ വായനശാലപ്പടിയ്ക്ക് സമീപം റോഡരികിലെ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തശേഷം തടിലോടുമായി പോയി വൈകിട്ട് തിരികെ എത്തിയപ്പോഴാണ് ബൈക്ക് കാണാതായത്. മൂവാറ്റുപുഴ പൊലിസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച പുലര്‍ച്ചെ മുളവൂര്‍ പി.ഒ ജങ്ഷനില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് മൊബൈല്‍ ഫോണും പഴ്‌സും മോഷണം നടന്നത്. മുറിയില്‍ നിന്നും ജനലിലൂടെ സാധനങ്ങള്‍ കവരുകയായിരുന്നു. മോഷണം കണ്ട ഇതരസംസ്ഥാന തൊഴിലാളി പിന്നാലെ ഓടി മോഷ്ടാവിനെ പിടികൂടി. എന്നാല്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുതറിമാറി ബൈക്കില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഇതരസംസ്ഥാന തൊഴിലാളി ബൈക്ക് പിടിച്ച് നിര്‍ത്തുകയായിരുന്നു. പിടിവലിയ്ക്കിടെ ബൈക്കില്‍ നിന്നും വീണ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന സ്പ്ലണ്ടര്‍ ബൈക്കും, മൊബൈല്‍ ഫോണും, മൂന്ന് ജോടി ചെരുപ്പുകളും ലഭിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ പൊലിസ് കൊണ്ടുപോയെങ്കിലും ബൈക്ക് പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ബൈക്ക് സമീപത്തെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സമീപത്തെ ബേക്കറി കടയിലെ സി.സി ടി.വി കാമറയില്‍ മോഷ്ടാക്കള്‍ ഓടുന്ന ചിത്രം ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ വ്യക്തമായ ചിത്രവും മൊബൈല്‍ ഫോണും പിടികൂടിയിട്ടും പ്രതികളെ പിടികൂടാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായിട്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ താവളമായി മുളവൂര്‍ മാറിയിരിക്കുകയാണ്. ടൗണ്‍ പ്രദേശങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ചേക്കേറാന്‍ കാരണം. വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതിനാല്‍ രേഖകളും മറ്റും ഇല്ലാത്ത നിരവധിപേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തിന്റെ അന്വേഷണവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് നാടിനെ നടുക്കി വീണ്ടും മോഷണം അരങ്ങേറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."