പൂരം വെടിക്കെട്ട്
എക്‌സ്‌പ്ലോസീവ് വിഭാഗവും ദേവസ്വം
ഭാരവാഹികളും തമ്മില്‍ തര്‍ക്കം
തൃശൂര്‍: വെടിക്കെട്ടിന് തിരികൊളുത്തുന്നതിനു തൊട്ടു മുമ്പു വരെ തേക്കിന്‍കാട് മൈതാനിയില്‍ എക്‌സ്‌പ്ലോസീവ് വിഭാഗവും ദേവസ്വം ഭാരവാഹികളും തമ്മില്‍ തര്‍ക്കം. വെടിക്കെട്ടിന് അനുവദിച്ചതിലും കൂടുതല്‍ മരുന്ന ഉപയോഗിച്ചിട്ടുണ്ടെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ കണ്ടെത്തലാണ് തര്‍ക്കത്തിലേക്ക് വഴി തെളിച്ചത്. ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുന്ന തിരുവമ്പാടി വിഭാഗത്തോടാണ് വെടിക്കെട്ട് സാമഗ്രികള്‍ മാറ്റണമെന്നാവശ്യപ്പെട്ടത്. 240 കുഴിമിന്നലുകള്‍ മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അത് മാറ്റാനാകില്ലെന്നും സാധാരണ നടത്താറുള്ള വെടിക്കെട്ടിലും വളരെ കുറവു മാത്രമാണ് ഇത്തവണ ഉപയോഗിക്കുന്നതെന്നും വാദിച്ചതോടെ തര്‍ക്കമായി. ഒടുവില്‍ രണ്ടു മണിക്കൂറോളം വെടിക്കെട്ടിനുള്ള മരുന്നു നിറയ്ക്കാതെ സ്തംഭനാവസ്ഥയിലായി. പിന്നീട് പുലര്‍ച്ചെ മന്ത്രി സുനില്‍കുമാറും കലക്ടര്‍ എ.കൗശിഗനും സ്ഥലത്തെത്തി എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥന്‍ വേണുഗോപാലുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
എന്നാല്‍ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിനുള്ള സാമഗ്രികള്‍ കൂടുതലാണെന്നായിരുന്നു എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ വാദിച്ചത്. തര്‍ക്കം മൂത്തതോടെ വെടിക്കെട്ട് തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന സാഹചര്യം വരെയുണ്ടായി. ഒടുവില്‍ കൂടുതലുള്ള മരുന്നും സാമഗ്രികളും മാറ്റിയതിനുശേഷമാണ് വെടിക്കെട്ടിന് തിരികൊളുത്താനായത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടയില്‍ കാണികളെ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കരുതെന്നും സാമ്പിള്‍ വെടിക്കെട്ടിന് നിര്‍ത്തിയതു പോലെ അകറ്റി നിര്‍ത്തണമന്നുമുള്ള പുതിയ നിബന്ധനയുമായി എത്തിയത് വീണ്ടും തര്‍ക്കത്തിലേക്ക് നയിച്ചു.
നാട്ടുകാരെ വെടിക്കെട്ട് കാണിക്കാതെ തങ്ങള്‍ പൊട്ടിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവന്‍കുട്ടിയടക്കമുള്ളവര്‍ കര്‍ശനമായി വാദിച്ചതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. ഒടുവില്‍ എക്‌സ്‌പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥര്‍ നിബന്ധനകള്‍ അയവു വരുത്തിയാണ് കാണികളെ കയറ്റാന്‍ തീരുമാനിച്ചത്. പൂരത്തിന്റെ എല്ലാ ചടങ്ങുകളും സമയത്തിന് തന്നെ നടത്തിയിട്ടും തര്‍ക്കങ്ങള്‍ മൂലം വെടിക്കെട്ട് ഒരു മണിക്കൂറോളം വൈകിയാണ് നടത്താനായത്.
മാസങ്ങള്‍ക്കു മുമ്പു തുടങ്ങിയ ആശങ്കയും അനിശ്ചിതത്വവുമൊക്കെ വെടിക്കെട്ടിന് തിരികൊളുത്തുന്ന നിമിഷം വരെ ഉണ്ടായത് ദേവസ്വം ഭാരവാഹികളെയും വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നവരെയും കടുത്ത പ്രതിസന്ധിയിലാക്കി.
പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതി നല്‍കിയെന്നു പറഞ്ഞിട്ടും അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് തൃശൂര്‍ പൂരത്തിന്റെ ഭാവിയെ വരെ ചോദ്യം ചെയ്യുന്ന തലത്തിലേക്കാണ് നീങ്ങുന്നതെന്ന് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കി.
മാലിന്യങ്ങള്‍ മണിക്കൂറുകള്‍ക്കകം നീക്കംചെയ്ത്
കോര്‍പറേഷന്റെ ശുചീകരണ വിഭാഗം
തൃശൂര്‍: പൂരത്തിരക്കിനിടയില്‍ പൂരപ്പറമ്പു നിറഞ്ഞ ചപ്പുചവറുകള്‍ മണിക്കൂറുകള്‍ക്കകം നീക്കം ചെയ്ത് കോര്‍പറേഷന്റെ ശുചീകരണ വിഭാഗം ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഇത്തവണയും മിടുക്കു തെളിയിച്ചു.
നാനൂറു പേരടങ്ങുന്ന വന്‍ സംഘമാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിരാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്്. ഉച്ചയ്ക്ക് പൂരത്തിനു സമാപനംകുറിച്ച് ജനം പൂരപ്പറമ്പ് ഒഴിഞ്ഞു പോയതോടെ ഈ പ്രദേശങ്ങളിലേയും ശുചീകരണവും പൂര്‍ത്തിയാക്കി.
'ഇലവിരിച്ച് ഉണ്ണാനിരിക്കാവുന്ന വിധത്തില്‍ തേക്കിന്‍കാട് മൈതാനം വൃത്തിയാക്കി' യെന്ന് ശുചീകരണ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം.എല്‍. റോസി പറഞ്ഞു.എല്ലാ ഡിവിഷനുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ജീവനക്കാരെ ഇന്നു സ്‌പെഷല്‍ ഡ്യൂട്ടിയായി തൃശൂര്‍ നഗരത്തിലെത്തിച്ചു.
ഇവര്‍തന്നെ 250 ലേറെ പേരുണ്ട്. ഇതിനു പുറമേയാണു കുടുംബശ്രീ അംഗങ്ങളായ 150 പേരുടെ സേവനംകൂടി പ്രയോജനപ്പെടുത്തിയത്.
ഇതിനു പുറമേ, പൂരത്തിനെത്തിയ ജനങ്ങള്‍ക്കു സംഭാരം വിതരണം ചെയ്യുന്നതിനായി 65 കുടുംബശ്രീ അംഗങ്ങളുടെ സേവനവുമുണ്ടായി.പൂരത്തിനു തൊട്ടുപിറകേ, നഗരം ശുചിയാക്കുന്നവര്‍ക്കു പത്മശ്രീ സി.കെ. മേനോന്‍ അയ്യായിരം രൂപയും യൂണിഫോമും പാരിതോഷികമായി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.
വെടിക്കെട്ട് കാണാന്‍ പുലര്‍ച്ചെ
എത്തിയത് പതിനായിരങ്ങള്‍
തൃശൂര്‍: പൂരം വെടിക്കെട്ട് കാണാന്‍ പുലര്‍ച്ചെ എത്തിയത് പതിനായിരങ്ങള്‍. അവസാന നിമിഷം വരെ ആശങ്കയിലായിരുന്ന വെടിക്കെട്ട് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.
വെടിക്കെട്ടിന് വയ്ക്കാവുന്ന മരുന്നിന്റെ അളവിനെ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് വെടിക്കെട്ടിന് തിരികൊളുത്താന്‍ വൈകിയത്. തിരുവിമ്പാടി വിഭാഗമാണ് കമ്പക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. എല്ലാവിധ സുരക്ഷാ പരിശോധനയ്ക്കും ശേഷം 4.10ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തി.
വെടിക്കെട്ട് കാണാന്‍ കാത്തുനിന്ന് അസ്വസ്ഥരായിരുന്ന പൂര പ്രേമികള്‍ തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ടിന്റെ വെളിച്ചം കണ്ടതോടെ ആഹ്ലാദത്തിലായി.
ഇക്കുറി ഗുണ്ട്, അമിട്ട്, ഡൈന എന്നിവ ഒഴിവാക്കിയായിരുന്നു വെടിക്കെട്ട്. ശബ്ദം കുറയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കൂടി വന്നതോടെ പഴയ പോലുള്ള വെടിക്കെട്ട് ആസ്വദിക്കാന്‍ കാണികള്‍ക്കായില്ല.രണ്ടാമത് തിരികൊളുത്തിയ പാറമേക്കാവും പരമാവധി ഇരുപത് മിനിറ്റിലധികം തേക്കിന്‍കാട് മൈതാനിയില്‍ ശബ്ദവും വെളിച്ചവും കൊണ്ട് നിറച്ചത് ആസ്വാദകരെ ആഹ്ലാദത്തിലാക്കി.
വെടിക്കെട്ടിന് അമിതമായ നിയന്ത്രണം വന്നത് വെടിക്കെട്ട് പ്രേമികളെ നിരാശരാക്കി. ഇന്നലെ രാത്രി മുതല്‍ തന്നെ വെടിക്കെട്ട് കാണാന്‍ ആളുകള്‍ നഗരത്തിലെത്തിയിരുന്നു. പൂരം കാണാന്‍ ഇന്നലെ രാവിലെ വന്നവരും കുടമാറ്റം കാണാനെത്തി പിന്നീട് പൂരപറമ്പിലൂടെ നടന്ന് മേളവും കാഴ്ചകളും ആസ്വദിച്ച് പുലര്‍ച്ചെ വരെ വെടിക്കെട്ട് കണ്ടാണ് പലരും മടങ്ങിയത്. ഇന്നലെ രാവിലെ നടന്ന ചടങ്ങുകളും എഴുന്നള്ളിപ്പുകളും രാത്രിയും ആവര്‍ത്തിച്ചതിനുശേഷമാണ് പ്രസിദ്ധമായ പൂരം വെടിക്കെട്ടിന് തിരികൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."